ചൂടേറിയതോടെ വിപണി കീഴടക്കാൻ സൗദി തണ്ണിമത്തൻ; കാർഷിക മേഖലയിൽ വമ്പൻ മുന്നേറ്റം

Published : Jun 25, 2026, 02:44 PM IST
watermelon

Synopsis

സൗദി അറേബ്യയിൽ വേനൽക്കാലം കടുത്തതോടെ തണ്ണിമത്തൻ വിപണി സജീവമായി. പ്രതിവർഷം 6.2 ലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന രാജ്യം, ഈ രംഗത്ത് 99% സ്വയംപര്യാപ്തത കൈവരിച്ചു. അൽ-ഖസീം പോലുള്ള പ്രധാന കാർഷിക മേഖലകളിലെ വിളവെടുപ്പ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക രംഗത്തിനും വലിയ ഉണർവ് നൽകുന്നു.

റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലം കടുത്തതോടെ പ്രാദേശിക വിപണികളിൽ തണ്ണിമത്തൻ വിൽപ്പന വൻതോതിൽ സജീവമാകുന്നു. രാജ്യത്ത് നിലവിൽ പ്രതിവർഷം 6.2 ലക്ഷം ടൺ തണ്ണിമത്തൻ ഉത്പാദിപ്പിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ തണ്ണിമത്തന്റെ ആഭ്യന്തര ഉത്പാദനത്തിൽ 99 ശതമാനം എന്ന മികച്ച സ്വയംപര്യാപ്തത കൈവരിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. വേനൽക്കാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും രാജ്യത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ പ്രധാന പഴവർഗമായി തണ്ണിമത്തൻ മാറിയിരിക്കുകയാണ്.

രാജ്യത്തുടനീളം വ്യാപക കൃഷി

റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, അൽ ജൗഫ്, അൽ ബഹ, മദീന, അൽ ഖസീം, തബൂക്ക്, ഹാഇൽ, അസീർ, ജിസാൻ ഉൾപ്പെടെ സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രവിശ്യകളിലും തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. സാധാരണക്കാരുടെ ദൈനംദിന ഉപഭോഗത്തിന് പുറമെ, ഭക്ഷ്യസംസ്കരണ വ്യവസായ മേഖലകളിലും വലിയ തോതിൽ ഉപയോഗിക്കുന്നതിനാൽ വലിയ സാമ്പത്തിക പ്രാധാന്യമുള്ള ഒരു തന്ത്രപ്രധാന വിളയായി ഇത് മാറിയിരിക്കുന്നു. സുസ്ഥിര ഗ്രാമീണ വികസന പദ്ധതികളിലൂടെ തണ്ണിമത്തൻ ഉത്പാദനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ വിളയുടെ കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കാനും, രാജ്യത്തെ സീസണൽ ഫലങ്ങളുടെ ഉപഭോഗം വർധിപ്പിക്കാനും, പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കാനുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

ഖസീമിൽ വിളവെടുപ്പ് ഉത്സവം

സൗദിയുടെ പ്രമുഖ കാർഷിക മേഖലയായ അൽ-ഖസീമിൽ തണ്ണിമത്തൻ വിളവെടുപ്പ് കാലം ആരംഭിച്ചതോടെ കൃഷിയിടങ്ങളെല്ലാം ഇപ്പോൾ സജീവമാണ്. രാജ്യത്തെ തണ്ണിമത്തൻ ഉത്പാദനത്തിലും വിപണനത്തിലും ഖസീം മേഖല കൈവരിച്ച മേധാവിത്വവും പ്രദേശത്തിന്റെ അനുകൂല കാലാവസ്ഥയുമാണ് ഈ സീസണിലും ദൃശ്യമാകുന്നത്. നിലവിൽ കൃഷിയിടങ്ങളിൽ പ്രതിദിന വിളവെടുപ്പും വിപണിയിലേക്കുള്ള വിതരണവും വലിയ തോതിൽ നടക്കുന്നുണ്ട്.

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വേനൽക്കാല വിളകളിലൊന്നായ തണ്ണിമത്തന്റെ വിളവെടുപ്പ്, ഗതാഗതം, വിപണനം എന്നിവ പ്രാദേശിക സാമ്പത്തിക രംഗത്തിന് വലിയ ഉണർവാണ് സമ്മാനിക്കുന്നത്. ഇത് തദ്ദേശീയരായ കർഷകർക്കും തൊഴിലാളികൾക്കും നിരവധി താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നു. വർഷങ്ങളായുള്ള പരമ്പരാഗത പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉത്പാദനക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കാൻ ഇവിടുത്തെ കർഷകർക്ക് സാധിച്ചിട്ടുണ്ട്. സൗദിയുടെ കാർഷിക വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും അൽ-ഖസീമിലെ തണ്ണിമത്തൻ കൃഷി വലിയ പങ്കാണ് വഹിക്കുന്നത്.

ആരോഗ്യഗുണങ്ങളും വർധിച്ച ജനപ്രിയതയും

വിറ്റാമിനുകളാൽ സമ്പുഷ്ടമായ തണ്ണിമത്തൻ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വേനൽക്കാലത്തെ കടുത്ത ചൂടിൽ നിർജലീകരണത്തിൽ നിന്ന് സംരക്ഷിക്കാനും ഏറെ സഹായിക്കും. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതിനാൽ തന്നെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ ഈ പഴത്തിന് പ്രിയമേറുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിൽ പോയിട്ട് 10 വർഷം; പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി
ഒരക്കം അകലെ 4 മില്യൺ ഡോളർ: എമിറേറ്റ്സ് ഡ്രോയിൽ സമ്മാനം നേടി രണ്ടു പേർ