Floating Desalination Plant: സൗദി അറേബ്യയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി

By Web TeamFirst Published Jan 26, 2022, 10:09 AM IST
Highlights

സൗദി അറേബ്യയിൽ അല്‍ ശുഖൈഖ് തുറമുഖത്തിന് സമീപം കടലില്‍ ഒഴുകിനടക്കുന്ന ആധുനിക ജല ശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി.

റിയാദ്: ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് (Floating Desalination Plant) സൗദി അറേബ്യയിൽ തുടക്കമായി. ചെങ്കടലില്‍ അല്‍ ശുഖൈഖ് തുറമുഖത്തിന് (Al-Shuqaiq port) സമീപം ഒഴുകി നടക്കുന്ന ചെറുകപ്പലിലാണ് കടൽജലം ശുദ്ധീകരിച്ച് കരയിലേക്ക് വിതരണം ചെയ്യുന്ന പ്ലാന്റ് ആരംഭിച്ചത്. പ്രതിദിനം 50,000 ക്യുബിക് മീറ്റർ ജലം ശുദ്ധീകരണ ശേഷിയുള്ളതാണ് പ്ലാന്റ്. 

സൗദിയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ ശുഖൈഖിലാണ് ഈ ഒഴുകിനടക്കുന്ന പ്ലാന്റ്. സൗദിയിലെ ആദ്യത്തെ ഒഴുകുന്ന ജലശുദ്ധീരണ പ്ലാന്‍റാണ് ഇത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതാണ് പദ്ധതി. ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അബ്‍ദുല്‍ അസീസ് പ്ലാന്റ് ഉദ്ഘാടനം ചെയ്‍തു. ജല - കാര്‍ഷിക മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഫാദ‍്‍ലി, സലൈന്‍ വാട്ടര്‍ കണ്‍വര്‍ഷന്‍ കോര്‍പറേഷന്‍ ഗവര്‍ണര്‍ അബ്‍ദുല്ല അല്‍ അബ്‍ദുല്‍ കരീം എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളായി. 

രാജ്യത്ത് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളിലൊന്നാണിത്. പ്ലാന്റിന്റെ രൂപകല്‍പനയും നിര്‍മാണവും നിര്‍വഹിച്ചതും 25 വര്‍ഷത്തേക്ക് നടത്തിപ്പ് ചുമതലയും സ്വകാര്യ മേഖലയ്‍ക്കാണ്. റിവേഴ്‍സ് ഓസ്‍മോസിസ് സാങ്കേതിക വിദ്യയിലൂടെയാണ് കടല്‍വെള്ളം ശുദ്ധീകരിക്കുന്നത്. ഊര്‍ജ ആവശ്യങ്ങള്‍ക്കായി വലിയ സോളാര്‍ പാനലുകളും സജ്ജീകരിച്ചിട്ടുണ്ട്. 

click me!