
റിയാദ്: പുതിയ ഉംറ സീസണ്‍ ആരംഭിച്ച് 20 ദിവസത്തിനുള്ളിൽ 190,000 ഉംറ വിസകൾ അനുവദിച്ച് സൗദി ഹജ്, ഉംറ മന്ത്രാലയം. ജൂൺ 10 (ദുല്‍ഹജ് 14) മുതലാണ് ഉംറ സീസണ്‍ തുടങ്ങിയത്. മന്ത്രാലയത്തിന്‍റെ ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം മുഖേന വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കാനും അന്ന് തുടങ്ങി. ജൂൺ 14 മുതൽ വിദേശ, ആഭ്യന്തര തീര്‍ഥാടകർക്ക് നുസുക് വഴി പെർമിറ്റ് അനുവദിക്കലും ആരംഭിച്ചു.
ഉംറ അനുഭവത്തെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി വിപുലമായ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, എളുപ്പത്തിൽ ഉംറ പെർമിറ്റുകൾ ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും നുസ്ക് പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. ഈ വർഷത്തെ ഹജ്ജ് അവസാനിച്ച് വിദേശ തീര്‍ഥാടകർ പോയിത്തീരും മുമ്പാണ് ഉംറ വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. എട്ട് മാസം നീണ്ടുനിൽക്കുന്ന ഈ സീസണിലുടനീളം വിസ അനുവദിക്കുന്നത് തുടരും. അടുത്ത വർഷം ശവ്വാല്‍ ഒന്ന് (മാർച്ച് 20) അവസാന തീയതി. വിദേശ തീർഥാടകർക്ക് ആ മാസം 15 (ഏപ്രിൽ മൂന്ന്) വരെ സൗദിയിലെത്താനാവും. ഇവര്‍ ഉംറ പൂർത്തിയാക്കി ദുല്‍ഖഅ്ദ ഒന്നിന് (ഏപ്രിൽ 18) മുമ്പ് മടങ്ങുകയും വേണം. അതിന് ശേഷം ഹജ്ജിന് ഒരുക്കം തുടങ്ങും.
ടൂറിസം മന്ത്രാലയത്തിെൻറ ലൈസന്‍സുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും അപാര്‍ട്ട്‌മെൻറുകളിലും വിദേശ ഉംറ തീര്‍ഥാടകരെ പാര്‍പ്പിക്കാനുള്ള കരാറുകള്‍ നുസുക് മസാര്‍ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നതാണ് പുതിയ നിയമം. ഇത് ഈ ഉംറ സീസണ്‍ മുതല്‍ നടപ്പായിട്ടുണ്ട്. ഈ നിയമം പാലിക്കുന്ന ഏജൻസികൾക്ക് മാത്രമേ ഉംറ വിസകള്‍ അനുവദിക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam