Latest Videos

സൗദിയിലേക്ക് അതിർത്തികൾ വഴി മയക്കുമരുന്ന് കടത്ത്; 421 പേരെ സൈന്യം പിടികൂടി

By Web TeamFirst Published Dec 15, 2022, 11:02 PM IST
Highlights

വടക്കൻ അതിർത്തി മേഖല, നജ്റാൻ, ജിസാൻ, അസീർ പ്രവിശ്യകൾ എന്നിവയുടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് അറസ്റ്റിലായവരിൽ 39 പേർ സ്വദേശികളും 382 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.

റിയാദ്: സൗദി അറേബ്യയിലേക്ക് അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 421 പേരെ സൈന്യം അറസ്റ്റ് ചെയ്തതായി അതിർത്തി സുരക്ഷ സേന വക്താവ് കേണൽ മിസ്ഫർ അൽഖരൈനി അറിയിച്ചു. 

വടക്കൻ അതിർത്തി മേഖല, നജ്റാൻ, ജിസാൻ, അസീർ പ്രവിശ്യകൾ എന്നിവയുടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് അറസ്റ്റിലായവരിൽ 39 പേർ സ്വദേശികളും 382 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരിൽ 342 പേർ യമനികളും 38 പേർ എത്യോപ്യക്കാരും രണ്ടു പേർ ഇറാഖികളുമാണ്. ഇവർ കടത്താൻ ശ്രമിച്ച 807 കിലോ ഹഷീഷും ആറു ലക്ഷത്തിലേറെ ലഹരി ഗുളികകളും 52.4 ടൺ ഗാത്തും സൈന്യം പിടികൂടി. തുടർ നടപടികൾക്ക് തൊണ്ടി സഹിതം മയക്കുമരുന്ന് കടത്തുകാരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കേണൽ മിസ്ഫർ അൽഖരൈനി പറഞ്ഞു. 

Read More - അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി.  37 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. ആഫ്രിക്കന്‍ സ്വദേശിയാണ് പിടിയിലായത്. 

വിമാനത്താവളത്തില്‍ എക്‌സ്‌റേ സംവിധാനം വഴി ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിന് അധിക ഭാരമുള്ളതായി അനുഭവപ്പെട്ടു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ മുമ്പില്‍ വെച്ച് ഇയാളുടെ രണ്ട് ബാഗുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ ഇതിനുള്ളില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.

Read More - മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

ആദ്യത്തെ ബാഗില്‍ നിന്ന് 17 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ ബാഗില്‍ നിന്ന് 20 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ചോദ്യം ചെയ്യലിനായി പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറി. ഭക്ഷ്യവസ്തുക്കള്‍, മസാലകള്‍, ഉണക്കമീന്‍ എന്നിങ്ങനെ രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ക്കൊപ്പം ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താറുണ്ടെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു. ലഹരിമരുന്നിന്റെ മണം തിരിച്ചറിയാതിരിക്കാനാണിത്. 

click me!