
റിയാദ്: `എന്റെ മകനായിരുന്നു അവൻ’...മലയാളിയായ സിയാദിന്റെ മയ്യിത്ത് ഖബറടക്കാൻ നേരമുള്ള അദ്ദേഹത്തിന്റെ തൊഴിലുടമ നിറകണ്ണുകളോടെ പറഞ്ഞ വാക്കുകളാണിത്. വെള്ളിയാഴ്ചയാണ് എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് (36) മരിച്ചത്.
റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഏഴുവർഷമായി സ്വദേശി പൗരന്റെ വീട്ടിലെ ഡ്രൈവറാണ്. എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ എക്സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മയ്യിത്ത് തിങ്കളാഴ്ച ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കുകയും ചെയ്തിരുന്നു.
സൗദിയിലെ ഒരു വ്യവസായി ആയ സ്വദേശി പൗരന്റെ വീട്ടിലെ ഡ്രൈവറായാണ് സിയാദ് ജോലി ചെയ്തിരുന്നത്. സിയാദിന്റെ മയ്യിത്ത് മറവുചെയ്യാനുള്ള എല്ലാ സൗകര്യവും ഒരുക്കിയത് സ്പോൺസറായ ഇദ്ദേഹമാണ്. സിയാദിന്റെ മരണം സൗദി തൊഴിലുടമയെ ഉലച്ചുകളഞ്ഞിരുന്നു. തന്റെ നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന സിയാദിനെ ഡ്രൈവറായല്ല സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നതെന്നും അങ്ങനെയാണ് സ്നേഹിച്ചിരുന്നതെന്നും സ്പോൺസർ പറയുന്നു. മാനസികമായി ആകെ തകർന്നുപോയ അദ്ദേഹം സ്വന്തം വീട്ടിൽ അനുശോചന ചടങ്ങ് നടക്കുകയാണെന്ന ഒരു ബോർഡ് സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല മയ്യിത്ത് ഖബറടക്കാൻ അദ്ദേഹം തന്നെ മുന്നിൽനിക്കുകയും ചെയ്തു.
റിയാദിലെ നസീമിലുള്ള ഹയ്യുൽ സലാം മഖ്ബറയിൽ മയ്യിത്ത് ഖബറിലേക്ക് ഇറക്കിവെക്കാനും മണ്ണിടാനും അദ്ദേഹം മുന്നിൽനിൽക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സുഹൃത്തുക്കളോടും അയൽവീട്ടുകാരോടുമെല്ലാം സിയാദിന്റെ ജോലിയിലുള്ള അർപ്പണ ബോധത്തെ കുറിച്ച് വാതോരാതെയാണ് ഇദ്ദേഹം സംസാരിച്ചത്. കൂടാതെ താൻ ജീവിക്കുന്ന കാലത്തോളം സിയാദിന് ശമ്പളം നൽകുമെന്നും സ്പോൺസർ അറിയിച്ചു. ഇതിൽ നിന്നും ഇദ്ദേഹത്തിന്റെ കളങ്കമില്ലാത്ത സ്നേഹവും ഹൃദയവിശാലതയുമാണ് വ്യക്തമാകുന്നത്. സിയാദിന് ഭാര്യയും മകളുമുണ്ട്. മാതാവ്: ഉമ്മു ഖുൽസു. സഹോദരി: സുമയ്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ