സൗദിയില്‍ നടപ്പുവർഷ ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം; രാജ്യം വന്‍ സാമ്പത്തിക സ്ഥിതി നേടിയെന്ന് മന്ത്രാലയം

By Web TeamFirst Published Dec 8, 2022, 10:58 PM IST
Highlights

ബജറ്റ് തയാറാക്കുമ്പോൾ കണക്കാക്കിയ 1.045 ലക്ഷം കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ യഥാർഥ വരുമാനം ഏകദേശം 1.234 ലക്ഷം കോടി റിയാലായിരുന്നു. 955 ശതകോടി റിയാലാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.

റിയാദ്: നടപ്പ് വർഷത്തിൽ രാജ്യം വലിയ സാമ്പത്തിക സ്ഥിതി നേടിയതായി സൗദി ധനകാര്യ മന്ത്രാലയം. നടപ്പുവർഷത്തെ ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻറെ 2.6 ശതമാനമാണ്. എണ്ണ വരുമാനത്തിലെ വർധനവിെൻറ പിന്തുണയോടെയാണിത് സാധ്യമായതെന്നും മന്ത്രാലയം വിശദമാക്കി. 

ബജറ്റ് തയാറാക്കുമ്പോൾ കണക്കാക്കിയ 1.045 ലക്ഷം കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ യഥാർഥ വരുമാനം ഏകദേശം 1.234 ലക്ഷം കോടി റിയാലായിരുന്നു. 955 ശതകോടി റിയാലാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കണക്കുകൂട്ടിയതിനെക്കാൾ കൂടുതലാണ് ചെലവായതെങ്കിലും വരവിനോളം അത് എത്തിയില്ല. ആകെ ചെലവ് 1.132 ലക്ഷം കോടി റിയാലാണ്.

രാജ്യത്തിെൻറ ബജറ്റ് ചരിത്രത്തിൽ ഏറ്റവും ഒടുവിൽ മിച്ചം നേടിയത് 2013-ൽ 180 ശതകോടി റിയാലായിരുന്നു. 2014 മുതൽ ബജറ്റിൽ കമ്മി പ്രകടമായി തുടങ്ങിയിരുന്നു. 2015-ൽ കമ്മി ഏറ്റവും ഉയർന്ന നിലയായ 367 ശതകോടി റിയാലിലെത്തി. 2016-ൽ കമ്മി ഏകദേശം 300 ശതകോടി റിയാലായി കുറഞ്ഞു. 2019 വരെ മിച്ചം ക്രമേണ കുറയുകയായിരുന്നു. എന്നാൽ കോവിഡ് വർഷമായ 2020-ൽ ബജറ്റ് കമ്മി കാര്യമായി കുറഞ്ഞു. പിറ്റേവർഷം മുതൽ മിച്ചം രേഖപ്പെടുത്തുന്നത് തുടങ്ങുകയും ചെയ്തു. നിലവിൽ മിച്ചം തുടരുമെന്ന പ്രവണതയാണ് പ്രകടമാകുന്നത്. 2025-ൽ 71 ശതകോടി റിയാലായിരിക്കും മിച്ചമെന്നാണ് പ്രതീക്ഷ.

Read More -  ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ സൗദി സന്ദർശനത്തിന് തുടക്കം

അതേസമയം 2023 ലേക്കുള്ള സൗദി പൊതു ബജറ്റ് പ്രഖ്യാപിച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ബജറ്റിനായി നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മന്ത്രിമാർ ബജറ്റിലെ ഇനങ്ങൾ അവലോകനം ചെയ്യുകയും 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ് കണക്കാക്കുന്നത്. 

Read More - പ്രവാസി തൊഴിലാളികളുടെ ലെവിയും മൂല്യവർധിത നികുതിയും തുടരും

ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പാക്കാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. രാജ്യത്ത് സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിവർത്തന പ്രക്രിയ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

click me!