Asianet News MalayalamAsianet News Malayalam

പ്രവാസി തൊഴിലാളികളുടെ ലെവിയും മൂല്യവർധിത നികുതിയും തുടരും

സൗദിയിൽ നിത്യോപയോഗ സാധനങ്ങൾക്കും സേവനങ്ങൾക്കും ഉൾപ്പടെ 15 ശതമാനം മൂല്യവർധിത നികുതിയാണ് ഈടാക്കുന്നത്.

no change in the VAT and levy for expat workers in saudi
Author
First Published Dec 8, 2022, 10:43 PM IST

റിയാദ്: സൗദിയിൽ പ്രാബല്യത്തിലുള്ള മൂല്യവർധിത നികുതിയിലും (വാറ്റ്) വിദേശ തൊഴിലാളികളുടെ ലെവിയിലും മാറ്റമുണ്ടാവില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽജദാൻ അറിയിച്ചു. അൽഅറബിയ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്‍റെ ബജറ്റിൽ എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ടെന്നും നടപ്പുവർഷ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിൽ നിത്യോപയോഗ സാധനങ്ങൾക്കും സേവനങ്ങൾക്കും ഉൾപ്പടെ 15 ശതമാനം മൂല്യവർധിത നികുതിയാണ് ഈടാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 800 റിയാലാണ് ലെവിയായി ഈടാക്കുന്നത്. ഇത് രണ്ടും തുടരുമെന്നാണ് പുതിയ സാമ്പത്തിക വർഷത്തെ പൊതുബജറ്റ് പ്രഖ്യാപിച്ചയുടൻ നടത്തിയ പ്രതികരണത്തിൽ ധനകാര്യ മന്ത്രി പ്രസ്താവിച്ചത്.

Read More -  സൗദിയില്‍ നടപ്പുവർഷ ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം; രാജ്യം വന്‍ സാമ്പത്തിക സ്ഥിതി നേടിയെന്ന് മന്ത്രാലയം

അതേസമയം 2023 ലേക്കുള്ള സൗദി പൊതു ബജറ്റ് പ്രഖ്യാപിച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ബജറ്റിനായി നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മന്ത്രിമാർ ബജറ്റിലെ ഇനങ്ങൾ അവലോകനം ചെയ്യുകയും 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ് കണക്കാക്കുന്നത്. 

Read More -  വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചു; മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി

ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പാക്കാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. രാജ്യത്ത് സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിവർത്തന പ്രക്രിയ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാൻ രാജാവിന്‍റെ നിർദേശങ്ങൾക്കനുസൃതമായാണ് ഇതുവരെ നേടിയ നല്ല ഫലങ്ങൾ. സമഗ്രമായ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ വിജയം ഇത് സ്ഥിരീകരിക്കുന്നു. ഊർജസ്വലമായ ഒരു സമൂഹത്തിനും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയ്ക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതാണിത്. പ്രാദേശിക, മേഖലാ തന്ത്രങ്ങൾക്കനുസരിച്ച് മൂലധന പദ്ധതികൾക്കായുള്ള ചെലവുകൾക്ക് മുൻഗണന നൽകാനാണ് 2023 ലെ ബജറ്റിൽ സർക്കാർ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.

Follow Us:
Download App:
  • android
  • ios