Gulf News : പ്രവാസികള്‍ ശ്രദ്ധിക്കുക; കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല

By Web TeamFirst Published Nov 26, 2021, 10:03 AM IST
Highlights

സൗദിയിൽ തൊഴിൽ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക്​ രാജ്യത്തിന്​ പുറത്തുപോകാൻ അനുവദിക്കുന്ന റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍  പുതുക്കി നല്‍കില്ല

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ (Re-entry visa) കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് (Minisrtry of Interior) ഇക്കാര്യം അറിയിച്ചത്. ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴി അറിയിച്ചത്. 

സൗദിയിൽ തൊഴിൽ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക്​ രാജ്യത്തിന്​ പുറത്തുപോകാൻ അനുവദിക്കുന്നതാണ്​ റീഎൻട്രി വിസ. താമസ രേഖക്ക്​ (ഇഖാമ) കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്‍താൽ അത്തരം വിസകളുടെ കാലാവധി സ്‍പോൺസർക്ക്​ പുതുക്കാനാവും. തൊഴിലാളി വിദേശത്തായിരിക്കുമ്പോൾ തന്നെ സൗദിയിൽ നിന്നും സ്‍പോൺസർക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേനയാണ് പുതുക്കാൻ സാധിക്കുന്നത്​. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഇലക്‌ട്രോണിക് രീതിയിൽ റീഎൻട്രി കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി
റിയാദ്: ഇന്ത്യയില്‍(India) നിന്ന് സൗദി അറേബ്യയിലേക്ക് (Saudi Arabia)നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍(flight services) ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.  ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

click me!