Latest Videos

സൗദിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നത് ശിക്ഷാര്‍ഹം; 10 ലക്ഷം രൂപ പിഴ

By Web TeamFirst Published Nov 27, 2022, 7:20 PM IST
Highlights

ഇത്തരത്തിലുള്ള സഹായ അഭ്യര്‍ത്ഥനകള്‍ സൗദിയില്‍ നിയമവിരുദ്ധമാണെന്നും ഭിക്ഷാടനമായി ഇവ കണക്കാക്കുമെന്നും അവര്‍ പറഞ്ഞു. യാചകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ആറു മാസം തടവുശിക്ഷയോ 50,000 റിയാല്‍ പിഴയോ ആണ് ശിക്ഷ.

റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സാമ്പത്തിക സഹായത്തിന് അഭ്യര്‍ത്ഥിക്കുന്നത് ശിക്ഷാര്‍ഹം. 50,000 റിയാല്‍ (10 ലക്ഷം രൂപ) പിഴയോ ആറുമാസത്തെ തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അഭിഭാഷക മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴിയുള്ള സഹായ അപേക്ഷകള്‍ ഇലക്ട്രോണിക് ഭിക്ഷാടനത്തിന് കീഴില്‍ വരുന്നതാണെന്ന് അഭിഭാഷക സാറ അല്‍ ഹര്‍ബി സൗദി ടെലിവിഷനോട് വെളിപ്പെടുത്തി.

ഇത്തരത്തിലുള്ള സഹായ അഭ്യര്‍ത്ഥനകള്‍ സൗദിയില്‍ നിയമവിരുദ്ധമാണെന്നും ഭിക്ഷാടനമായി ഇവ കണക്കാക്കുമെന്നും അവര്‍ പറഞ്ഞു. യാചകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ആറു മാസം തടവുശിക്ഷയോ 50,000 റിയാല്‍ പിഴയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നത് വിദേശികളാണെങ്കില്‍ അവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും തിരികെ സൗദിയിലേക്ക് മടങ്ങി വരാതിരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

Read More -  യാചന നടത്തിയ പ്രവാസികളടക്കം നാലുപേർ സൗദിയിൽ പിടിയിൽ

സൗദി അറേബ്യയിലെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്ലാറ്റ്‌ഫോമുകള്‍ വഴി ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നത് ഉറപ്പുവരുത്താറുണ്ട്. സ്വദേശികളും പ്രവാസികളും ഇത്തരത്തില്‍ നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സംഭാവനകള്‍ നല്‍കാവൂ എന്ന് സൗദി അധികൃതര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ വഴി ആവശ്യക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്ന ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന് സൗദി തുടക്കമിട്ടിരുന്നു. 

Read More -  യാചകരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ!

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ റിയാദില്‍ വിവിധ സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. സിഗ്നലുകളില്‍ നിലയുറപ്പിച്ച് മിനറല്‍ വാട്ടര്‍ കുപ്പികള്‍ വില്‍പ്പന നടത്തുകയും ഇതിന്‍റെ മറവില്‍ പരോക്ഷമായി ഭിക്ഷാടനം നടത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രണ്ട് പാകിസ്ഥാനികളും മറ്റൊരു സ്ഥലത്ത് പരോക്ഷമായി ഭിക്ഷാടനം നടത്തിയ ബംഗ്ലാദേശ് സ്വദേശിനിയുമാണ് അറസ്റ്റിലായത്. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണ് മൂന്നുപേരുമെന്ന് പൊതുസുരക്ഷ വകുപ്പ് പറഞ്ഞു. ഭിക്ഷാടനം സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

click me!