ജയില്‍ മോചിതനായ അവാദേശിനെ സ്വീകരിച്ച് സൗദി ഗ്രാമം; നാട്ടിലേക്ക് മടങ്ങാന്‍ ഇനി ഏതാനും നടപടിക്രമങ്ങള്‍ മാത്രം

Published : Mar 15, 2023, 09:53 PM ISTUpdated : Mar 15, 2023, 09:55 PM IST
ജയില്‍ മോചിതനായ അവാദേശിനെ സ്വീകരിച്ച് സൗദി ഗ്രാമം; നാട്ടിലേക്ക് മടങ്ങാന്‍ ഇനി ഏതാനും നടപടിക്രമങ്ങള്‍ മാത്രം

Synopsis

ഇന്ത്യയിലേക്ക് മടങ്ങാൻ ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാകാനുണ്ട്. അതുവരെ റിയാദിൽനിന്ന്​ 265 കിലോമീറ്ററകലെയുള്ള അൽറനീം ഗ്രാമത്തിലെ സ്വന്തം വീട്ടിൽ താമസിപ്പിക്കാനാണ്​ തീരുമാനം. ചൊവ്വാഴ്ച വൈകീട്ട്​ അൽറനീം ഗ്രാമത്തിലെത്തുമ്പോൾ ഗ്രാമവാസികൾ ഒന്നടങ്കം വരവേൽപ്പുമായി ഒത്തുകൂടിയിരുന്നു.

റിയാദ്: സൗദി പൗരന്മാരുടെ കാരുണ്യം മോചനദ്രവ്യമായി കോടതിയിലെത്തി, അഞ്ചര വർഷത്തിന്​ ശേഷം അവാദേശ് ശേഖർ ജയിൽ മോചിതനായി. ഹാദി ബിൻ ഹമൂദ് അൽഖഹ്‍ത്വാനി എന്ന സൗദി സാമൂഹിക പ്രവർത്തകന്റെ നേതൃത്വത്തിൽ സ്വരൂപിച്ച രണ്ട്​ കോടി രൂപക്ക്​ തുല്യമായ തുക കോടതിയിൽ കെട്ടിവെച്ച്​ ചൊവ്വാഴ്ചയാണ്​​ 52-കാരനായ ഈ യു.പി ബീജാപൂർ സ്വദേശിയെ റിയാദിന് സമീപം അൽഹസാത്ത്​ ജയിലിൽനിന്ന്​ മോചിപ്പിച്ചത്.

ജയിലിൽനിന്ന്​ പുറത്തിറങ്ങിയ അവാദേശ് ശേഖറിനെ ഹാദി ബിൻ ഹമൂദ് സ്വന്തം വീട്ടിലേക്കാണ്​ കൊണ്ടുപോയത്. ഇന്ത്യയിലേക്ക് മടങ്ങാൻ ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാകാനുണ്ട്. അതുവരെ റിയാദിൽനിന്ന്​ 265 കിലോമീറ്ററകലെയുള്ള അൽറനീം ഗ്രാമത്തിലെ സ്വന്തം വീട്ടിൽ താമസിപ്പിക്കാനാണ്​ തീരുമാനം. ചൊവ്വാഴ്ച വൈകീട്ട്​ അൽറനീം ഗ്രാമത്തിലെത്തുമ്പോൾ ഗ്രാമവാസികൾ ഒന്നടങ്കം വരവേൽപ്പുമായി ഒത്തുകൂടിയിരുന്നു.

സ്വദേശികളായ നാലുപേർ മരിച്ച വാഹനാപകട കേസിലാണ്​ ഇയാൾ പ്രതിയായി ജയിലിൽ അടയ്ക്കപ്പെട്ടത്. റിയാദ്​ - ത്വാഇഫ്​ റോഡിൽ അൽ ഖുവയ്യ പട്ടണത്തിന്​ സമീപം അൽഹസാത്ത്​ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അഞ്ചര വർഷം മുമ്പാണ് കേസിന് ആധാരമായ ഈ അപകടം സംഭവിച്ചത്. വെള്ളം വിതരണം ചെയ്യുന്ന ലോറിയുടെ ഡ്രൈവറായിരുന്ന ഇയാള്‍ ഡ്രൈവിങ്​ ലൈസൻസോ ഇഖാമയോ ഇല്ലാതെയാണ്​ ജോലി ചെയ്തിരുന്നത്. ഒരു ദിവസം വൈകുന്നേരം ഒറ്റവരി പാതയിലുടെ വണ്ടിയോടിച്ചു പോകുമ്പോള്‍ ഒരു വളവിൽ വെച്ച് എതിരെ അതിവേഗതയിലെത്തിയ വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ ഒതുക്കിനിർത്തിയ ലോറിയിലേക്ക് സ്വദേശി യുവാവ് ഒടിച്ച ഹൈലക്സ് പിക്കപ്പ് ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പിലുണ്ടായിരുന്ന യുവാവും മാതാവും രണ്ട് സഹോദരിമാരും തൽക്ഷണം മരിച്ചു. ഇളയ സഹോദരിക്ക്​​ പരിക്കേറ്റു.

ലൈസൻസും ഇഖാമയുമില്ലാത്തതിനാൽ അവദേശ് ശേഖർ പൂർണക്കുറ്റക്കാരനായി ജയിലിൽ അടയ്ക്കപ്പെട്ടു. മരിച്ച നാലുപേർക്കും പരിക്കേറ്റ പെൺകുട്ടിക്കുമുള്ള നഷ്ടപരിഹാരമായി വിധിച്ച തുകയാണ് 9,45,000 റിയാല്‍. തികച്ചും നിർദ്ധനകുടുംബത്തിൽപെട്ട അവാദേശിന് ഈ തുക സങ്കൽപിക്കാൻ പോലും കഴിയാത്തതായിരുന്നു. വിധിയെപ്പഴിച്ച് ജയിലിൽ കഴിഞ്ഞുകൂടാനല്ലാതെ ഈ മനുഷ്യന് മറ്റൊന്നിനും ആകുമായിരുന്നില്ല. 
ഭാര്യ സുശീലാദേവിയും 10 മക്കളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂര പോലുമുണ്ടായിരുന്നില്ല. 

ഇതിനിടയിൽ അവാദേശിന്റെ രണ്ട് പെൺകുട്ടികൾ മരിച്ചു. ജീവിക്കാൻ പോലും വഴിയില്ലാതെ അലഞ്ഞ അവാദേശിന്റെ കുടുംബം ഇദ്ദേഹത്തിന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. അവാദേശിന്റെ നിരപരാധിത്വം അറിയാമായിരുന്ന പൊലീസുകാരിൽ ചിലരാണ് ഹാദി ബിൻ ഹമൂദ് എന്ന സ്വദേശി സാമൂഹിക പ്രവർത്തകനോട് ഇക്കാര്യം പറയുന്നത്. അദ്ദേഹം ജയിലിലെത്തി അവാദേശിനെ കണ്ട്​ വിവരങ്ങൾ ശേഖരിച്ചു. ഒരായുസ്സ് മുഴുവനും ജയലിൽ കഴിഞ്ഞാലും ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത ഇയാളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഹാദി മുന്നിട്ടിറങ്ങിയാണ് പണം സ്വരൂപിച്ചത്.

അറബ് പരമ്പരാഗത രീതിയിൽ വിരുന്നൊരുക്കിയാണ് ഹാദിയുടെ ​ഗ്രാമവാസികൾ അവാദേശിനെ സ്വീകരിച്ചത്.  ഖമീസ് മുശൈത്തിൽ നിന്ന് ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മിറ്റി പ്രസിഡൻറ് അഷറഫ് കുറ്റിച്ചലിന്റെ നേതൃത്വത്തിൽ പ്രകാശൻ നാദാപുരം, അൻസാരി റഫീഖ്, രാധാകൃഷ്ണൻ പാലക്കുളങ്ങര, ഹബീബ് റഹ്മാൻ എന്നിവരടങ്ങുന്ന സംഘം ഹാദി ഹമൂദിനേയും അവാദേശിനേയും കാണാൻ ചൊവ്വാഴ്ച രാത്രി​ ഗ്രാമത്തിലെത്തി. സമ്മാനങ്ങളുമായി എത്തിയ ഇവരേയും ഗ്രാമവാസികൾ ആഹ്ലാദപൂർവമാണ് സ്വീകരിച്ചത്. 

‘ഇന്ത്യ മുഴുവൻ എന്നോടുള്ള സ്നേഹവുമായി എന്റെ വീട്ടിലെത്തിയതു പോലെയാണ് ഞാൻ നിങ്ങളുടെ സന്ദർശനത്തെ കാണുന്നതെന്ന്’ ഹാദി ഹമൂദ് വികാരാവേശത്തോടെ പ്രതികരിച്ചതായി അഷ്​റഫ് കുറ്റിച്ചൽ പറഞ്ഞു. 

Read also: നാല് പേരുടെ മരണത്തിന് ഉത്തരവാദിയായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മോചിതനായി; സ്വീകരിച്ച് സൗദി പൗരന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ