
റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്ന് മുതൽ തീരുമാനം പ്രാബല്യത്തിലായെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
സെയിൽസുമായി ബന്ധപ്പെട്ട് തസ്തികകളിൽ സ്വദേശിവത്കരണം 15 ശതമാനം വർധിപ്പിക്കുന്നതാണ് പുതിയ നടപടി. സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഹോൾസെയിൽ സെയിൽസ് മാനേജർ, ഐ.ടി ഉപകരണങ്ങളുടെ സെയിൽസ് സ്പെഷ്യലിസ്റ്റ്, സെയിൽസ് റപ്രസെേൻററ്റീവ് എന്നീ തൊഴിലുകളാണ് സ്വദേശിവത്കരണത്തിലുൾപ്പെടുന്നത്. സെയിൽസ് മേഖലയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള മുഴുവന സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും.
പ്രൊക്യുർമെൻറ് തസ്തികകളിൽ 50 ശതമാനമാണ് സ്വദേശിവത്കരണം. പർച്ചേസിങ് മാനേജർ, പർച്ചേസിങ് റപ്രസെേൻററ്റീവ്, കോൺട്രാക്ട് മാനേജർ, ടെൻഡർ സ്പെഷ്യലിസ്റ്റ്, പർച്ചേസിങ് സ്പെഷ്യലിസ്റ്റ് എന്നീ പ്രധാന ജോലികൾ സ്വദേശിവത്കരണത്തിലുൾപ്പെടും. മൂന്നോ അതിലധികമോ ജീവനക്കാർ പ്രൊക്യുർമെൻറ് തൊഴിലുകളിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകമാകുക. പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകൾ ആദ്യഘട്ടമെന്ന നിലയിൽ 35 ശതമാനമാണ് സ്വദേശിവത്കരിക്കുന്നത്. പ്രോജക്റ്റ് മാനേജ്മെൻറ് മാനേജർ, പ്രോജക്ട് മാനേജ്മെൻറ് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജർ, പ്രോജക്ട് മാനേജ്മെൻറ് ഓഫീസ് സ്പെഷ്യലിസ്റ്റ്, കമ്യൂണിക്കേഷൻസ് പ്രോജക്ട് മാനേജർ, ബിസിനസ് സർവിസ് പ്രോജക്ട് മാനേജർ എന്നി പ്രധാന തൊഴിലുകളാണ് സ്വദേശിവത്കരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇത് 40 ശതമാനമായി ഉയർത്തും. പ്രോജക്ട് മാനേജ്മെൻറ് വിഭാഗത്തിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള മുഴുവൻ സ്ഥാപനങ്ങൾക്കുമാണ് തീരുമാനം ബാധകമാകുന്നത്.
Read Also - ആകെ നാല് ദിവസം അവധി; ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ഷാര്‍ജ
സെയിൽസ്, പർച്ചേസിങ്, പ്രൊജക്ട് മാനേജ്മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരിക്കണവുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികളുണ്ടാവും. ഈ വർഷം ഏപ്രിലിലാണ് സെയിൽസ്, പർച്ചേസിങ്, പ്രൊജക്ട് മാനേജ്മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം സംബന്ധിച്ച പ്രഖ്യാപനം മന്ത്രാലയം നടത്തിയത്. ഘട്ടങ്ങളായാണ് ഇവ നടപ്പാക്കുകയെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ