
ഷാർജ: ഷാർജയിൽ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചതിന്‍റെ ഞെട്ടലിലാണ് പ്രവാസലോകം. ഷാർജ നബ്ബ മേഖലയിലെ ഫ്ലാറ്റിൽ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. മലയാളികളായ മുബാറക് അലിയുടെയും മുർഷിദയുടെയും ഏക മകൾ സഫ മുബാറക് ആണ് മരിച്ചത്. അജ്മാനിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സഫ.
സംഭവം നടക്കുമ്പോൾ സഫ വീട്ടിൽ ഒറ്റയ്ക്കായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ മുർഷിദ ജോലി ആവശ്യത്തിനായി നേരത്തെ പുറപ്പെട്ടിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന പിതാവ് മുബാറക് അലി താഴെ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് പോയ സമയത്താണ് അപകടമുണ്ടായത്. ഈ സമയം ഉറക്കത്തിലായിരുന്ന സഫ ഉണർന്നപ്പോൾ ജനലിന്‍റെ സ്ലൈഡിങ് ഡോർ തുറക്കുകയും അബദ്ധത്തിൽ താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് കരുതുന്നത്.
അവധിക്ക് നാട്ടിൽ പോയി അടുത്തിടെയാണ് കുടുംബം യുഎഇയിൽ തിരിച്ചെത്തിയത്. വരുന്ന ആഴ്ച സ്കൂൾ തുറക്കുമ്പോൾ തിരികെ പോകാനുള്ള സന്തോഷത്തിലായിരുന്നു കുട്ടി. കുഞ്ഞിന്‍റെ അപ്രതീക്ഷിത വേർപാടിന്‍റെ വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും. മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഇതിനായി പൊലീസുമായും ബന്ധപ്പെട്ട അധികൃതരുമായും ചേര്‍ന്ന് നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam