മായം ചേർത്ത ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ ഫർവാനിയ ഗവർണറേറ്റിലെ ശബ്ര അൽ-ജ്ലീബ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന രണ്ട് റസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവ്.

കുവൈത്ത് സിറ്റി: മായം ചേർത്ത ഭക്ഷണം കണ്ടെത്തിയതിന് പിന്നാലെ കുവൈത്തിൽ രണ്ട് റസ്റ്റോറന്‍റുകൾ അടച്ചുപൂട്ടാൻ ഉത്തരവ്. കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ ശബ്ര അൽ-ജ്ലീബ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന രണ്ട് റസ്റ്റോറന്റുകൾ അടച്ചുപൂട്ടാനാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ ഉത്തരവിട്ടത്.

മായം ചേർത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി. പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ റെസ്റ്റോറന്‍റുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ഫുഡ് ഔട്ട്‌ലെറ്റുകളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി.