അവിവാഹിതർ താമസിക്കുന്ന വീടുകളിൽ പരിശോധന; വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

By Web TeamFirst Published Oct 12, 2018, 9:08 PM IST
Highlights

മേഖലയിൽ താമസിക്കുന്നവർക്ക് നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. 48 മണിക്കൂറിനുള്ളിൽ വീടുകൾ ഒഴിയണമെന്ന നിർദേശവും നൽകി. ഉത്തരവുമായി സഹകരിക്കാത്തതിനെ തുടർന്ന് വീടുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നതിന് ഷാർജ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.

ഷാർജ: അവിവാഹിതർ താമസിക്കുന്ന വീടുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് ഷാർജ മുനിസിപ്പാലിറ്റി. അൽ നസീറിയ, മായിസലൂൺ, അൽ നബാ, അൽ നഹ്ദ, അൽ മജാസ് തുടങ്ങിയ പ്രദേശങ്ങളിലെ അമ്പതോളം വീടുകളിലാണ് ഇത്തരത്തിൽ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരിക്കുന്നത്. 

കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളിൽ കമ്പനികളിലെ ജീവനക്കാർ താമസിക്കുന്നത് അനുവദനീയമല്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ ഖലീഫ ബു ഖാനം അൽ സുവൈദി പറഞ്ഞു. ഷാർജയിലെ ഭവന നിർദേശങ്ങളുടെ ലംഘനമാണിതെന്നും കമ്പനികൾ ജീവനക്കാർക്ക് ഷാർജ വ്യവസായ മേഖലയിൽ തന്നെ താമസസൗകര്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. 

മേഖലയിൽ താമസിക്കുന്നവർക്ക് നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു.  48 മണിക്കൂറിനുള്ളിൽ വീടുകൾ ഒഴിയണമെന്ന നിർദേശവും നൽകി. ഉത്തരവുമായി സഹകരിക്കാത്തതിനെ തുടർന്ന് വീടുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നതിന് ഷാർജ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.

കീഴ്‌വാടകയ്‌ക്ക് കൊടുക്കുക, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് താമസിക്കുക തുടങ്ങി മറ്റ് ചില ലംഘനങ്ങളും മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഷാർജ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ കുടുംബങ്ങൾക്ക് താമസിക്കാൻ ഉതകുന്ന തരത്തിലുള്ളതാക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സുവൈദി പറ‍ഞ്ഞു.

കുടുംബമായി താമസിക്കുന്ന മേഖലകളിൽ പരിശോധന തുടരും. മേഖലകളിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടികൾ കൈക്കൊള്ളും. താമസ സ്ഥലവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മുഴുവൻ പരാതികളും വളരെ ഗൗരവമായി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    

click me!