യുഎഇയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് അഭ്യൂഹം; വ്യാപക തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്

By Web TeamFirst Published Sep 20, 2022, 11:45 AM IST
Highlights

പെണ്‍കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചയുടന്‍ തന്നെ തെരച്ചില്‍ നടത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് ഷാര്‍ജ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അഹ്‍മദ് ബു അല്‍ സൂദ് പറഞ്ഞു.

ഷാര്‍ജ: യുഎഇയില്‍ കാണാതായ പെണ്‍കുട്ടിയെ വ്യാപക തെരച്ചിലിനൊടുവില്‍ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഷാര്‍ജയിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന കിംവദന്തികളും പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചിത്രങ്ങളും മറ്റ് വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്‍തു.

പൊലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി. എന്നാല്‍ കുട്ടി സ്വമേധയാ വീടുവിട്ടിറങ്ങിയതാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തുകയും ചെയ്‍തു. പെണ്‍കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചയുടന്‍ തന്നെ തെരച്ചില്‍ നടത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് ഷാര്‍ജ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അഹ്‍മദ് ബു അല്‍ സൂദ് പറഞ്ഞു. അന്വേഷണത്തിന്റെ ഫലമായി കുട്ടിയെ കണ്ടെത്തിയെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്‍തികരമാണെന്നും അദ്ദേഹം അറിയിച്ചു.

കുടുംബത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം കുട്ടി വീടുവിട്ട് ഇറങ്ങിയതാണെന്ന് പൊലീസിന്റെ തുടര്‍ അന്വേഷണത്തില്‍ വ്യക്തമായി. കേസിലെ മറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സംഭവത്തെക്കുറിച്ച് മറ്റ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേണല്‍ ഉമര്‍ അഹ്‍മദ് ബു അല്‍ സൂദ് അഭ്യര്‍ത്ഥിച്ചു.

Read also: സൗദി ദേശീയ ദിനം; വാണിജ്യ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ഓഫറുകൾക്ക് നിബന്ധനകൾ പാലിക്കണം

കുവൈത്തില്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണം; ഏഴു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി
​​​​​​​കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഏഴു പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചയാളെയും പ്രതികള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.

സുലൈബിയ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പൊലീസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ പരാതി നല്‍കുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് ആയുധധാരികളായ പ്രതികള്‍ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

സാഹചര്യം നിയന്ത്രണത്തിലാക്കാനും പരാതിക്കാരനെ പ്രതികളില്‍ നിന്ന് രക്ഷിക്കാനും പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഒരു പൊലീസുകാരന്‍റെ കയ്യില്‍ വെടിയേറ്റത്. തുടര്‍ന്ന് പൊലീസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തതോടെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

വന്‍തോതില്‍ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

click me!