
ഷാര്‍ജ: തൂവെള്ള ഗൗൺ ധരിച്ച് പൂക്കള്‍ കൊണ്ട് അലങ്കരിച്ച വിവാഹ വേദിയിലേക്ക് നടന്നു കയറുന്ന സുന്ദരിയായ യുവതി. തന്‍റെ കൈവിരല്‍ കോര്‍ത്തു നടന്ന മകള്‍ വിവാഹിതയാകുന്നതിന്‍റെ സന്തോഷം പങ്കിടുന്ന അമ്മ… രാജകീയ പ്രൗഡി തെല്ലും കുറയാതെ നടന്ന ഒരു വിവാഹത്തിന്‍റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷാര്‍ജ ഭരണാധികാരിയുടെ കൊച്ചുമകളാണ് കഴിഞ്ഞ ദിവസം വിവാഹിതയായത്.
സുപ്രീം കൗൺസില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൊച്ചുമകളുടെ വിവാഹമാണ് അത്യാഢംബരങ്ങളോടെ നടന്നത്. ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകളും യുഎഇയുടെ സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വവുമായ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മകളാണ് വിവാഹിതയായത്. ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി തന്നെയാണ് മകളുടെ വിവാഹ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സെപ്തംബര്‍ 21 ഞായറാഴ്ച നടന്ന വിവാഹത്തിന്‍റെ വാര്‍ത്ത തിങ്കളാഴ്ചയോടെയാണ് ശൈഖ ബൊദൂർ പങ്കുവെച്ചത്.
'ഇന്നലെ എന്‍റെ മകൾ അവളുടെ വിവാഹ വേഷത്തിൽ മണ്ഡപത്തിലേക്ക് നടന്നുപോകുന്നത് കണ്ട നിമിഷം, എന്‍റെ ജീവിതത്തിലെ ഏറ്റവും വികാരനിർഭരവും ഹൃദയസ്പർശിയായതുമായ ഒന്നായിരുന്നു. ഞാൻ കൈകളില്‍ കോർത്തുപിടിച്ചിരുന്ന ആ കൊച്ചുമിടുക്കി ഇന്ന്, സ്വന്തമായ ഒരു പുതിയ യാത്ര ആരംഭിക്കുന്ന അതിസുന്ദരിയും തേജസ്സുള്ളവളായ സ്ത്രീയുമായി മാറിയിരിക്കുന്നു. അവളുടെ അമ്മ എന്ന നിലയിൽ, അവൾ വളർന്നു വന്ന വഴികളിലെല്ലാം ഞാൻ ഒപ്പമുണ്ടായിരുന്നു. ദയയും, കരുത്തും, സ്നേഹവും, സൗന്ദര്യവും നിറഞ്ഞ അവൾ ഇന്ന് എത്തി നിൽക്കുന്ന ഈ വ്യക്തിത്വത്തിന് സാക്ഷ്യം വഹിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അഭിമാനവും കൃതജ്ഞതയുമാണ് എന്‍റെ ഹൃദയം നിറയെ.
അവളുടെ ജീവിതത്തിലെ ഓരോ അദ്ധ്യായത്തിലൂടെയും ഒപ്പം നടക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്. ഇപ്പോൾ ഈ പുതിയ അദ്ധ്യായത്തിലേക്ക് അവൾ കാലെടുത്ത് വയ്ക്കുന്നത് കാണുന്നതും അങ്ങനെ തന്നെ. ഇന്ന് അവൾ ഒരു മണവാട്ടിയായിരിക്കാം, പക്ഷേ അവൾ എന്നും എന്‍റെ കുഞ്ഞി പെണ്ണായിരിക്കും'- മകളുടെ വിവാഹ ചിത്രം പങ്കുവെച്ച് ശൈഖ ബൊദൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ