വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും ദുരൂഹ മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം, ഷാർജ പൊലീസിൽ പരാതി നൽകും

Published : Jul 15, 2025, 07:27 AM IST
VIPANJIKA

Synopsis

ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് വിപഞ്ചികയുടെ കുടുംബം ഷാർജ പൊലീസിലും പരാതി നൽകും.  

കൊല്ലം: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പൊലീസിൽ പരാതി നൽകും. കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ എത്തും. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.

അമ്മയുടെ പരാതിയിലെടുത്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷിക്കുക. കൊല്ലം റൂറൽ എസ് പി സാബു മാത്യു മേൽനോട്ടം വഹിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നിതീഷാണ് ഒന്നാം പ്രതി. രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിനും സാധ്യതയുണ്ട്. മകളുടെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷവാങ്ങി നൽകാൻ ഏതറ്റംവരെയും പോകുമെന്ന് അമ്മ ഷൈലജ പറഞ്ഞു.

വിവാഹം കഴിഞ്ഞ നാൾ മുതൽ വിപഞ്ചിക നിതീഷിൽ നിന്നും പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മ ഷൈലജയുടെ പരാതി. നിതീഷിന്‍റെ സഹോദരി നീതുവും, അച്ഛനും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സ്ത്രീധനത്തിന്‍റെയും പണത്തിന്‍റെയും പേരില്‍ മകളെ വേട്ടയാടി. നിതീഷിന്‍റെ വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ വിപഞ്ചിക ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നാണ് ആരോപണം. മകള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതിന്‍റെ ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകളുമായാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരണ കാരണം സ്ഥിരീകരിക്കുന്നതിനാണ് നാട്ടിൽ റീപോസ്റ്റ്മോർട്ടത്തിൻ്റെ സാധ്യത കുടുംബം ആലോചിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ നാട്ടില്‍ എത്തിച്ച് അന്വേഷണത്തിന് വിധേയരാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും കുടുംബം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’യിലേക്ക് ‘സലാം എയർ’ സർവിസിന് തുടക്കം
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി