Gulf News : ശൈഖ് മുഹമ്മദ് റഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Dec 5, 2021, 3:40 PM IST
Highlights

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ രണ്ട് നേതാക്കളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum) റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിനുമായി(Mikhail Mishustin ) കൂടിക്കാഴ്ച നടത്തി. എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) റഷ്യന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായാണ് റഷ്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത്.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ രണ്ട് നേതാക്കളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലവില്‍ യുഎഇയില്‍ 4,000ത്തിലേറെ റഷ്യന്‍ കമ്പനികളുണ്ടെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. രണ്ട് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

أثناء لقائي اليوم برئيس الوزراء الروسي ميخائيل ميشوستين. علاقاتنا مع روسيا متميزة، ٨٠٪ من الاستثمارات العربية في روسيا إماراتية و٩٠٪ من استثمارات روسيا في العالم العربي في الامارات. لدينا ٤٠٠٠ شركة روسية ونحن الشريك التجاري الأكبر لروسيا خليجيا . pic.twitter.com/9mw2tSOa80

— HH Sheikh Mohammed (@HHShkMohd)

 

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇയിലെത്തിയ(UAE) ഇന്ത്യന്‍ വിദേശകാര്യ മന്ത്രി (Indian External Affairs Minister)ഡോ. എസ് ജയ്ശങ്കര്‍( Dr S. Jaishankar), അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി(Sheikh Mohamed bin Zayed Al Nahyan) കൂടിക്കാഴ്ച നടത്തി. ഖസ്‍ര്‍ അല്‍ ശാതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. 

അഞ്ചാമത് ഇന്ത്യന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് ഡോ. എസ് ജയ്ശങ്കര്‍ അബുദാബിയിലെത്തിയത്. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യുഎഇയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ എസ് ജയ്ശങ്കര്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. നരേന്ദ്ര മോദിക്ക് ആശംസകള്‍ കൈമാറിയ ശൈഖ് മുഹമ്മദ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. പൊതുവായ താല്‍പ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്‌നങ്ങളും വികസനങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഇരു നേതാക്കളും പങ്കുവെച്ചു.

click me!