Covid 19 : കഴിഞ്ഞ 10 ദിവസമായി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരണങ്ങളില്ല

By Web TeamFirst Published Dec 5, 2021, 3:22 PM IST
Highlights

രാജ്യത്തെ എല്ലാ ജനങ്ങളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറു മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസിനായി മുമ്പോട്ട് വരണമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റെം പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) കൊവിഡ് (covid 19)ബാധിച്ച് കഴിഞ്ഞ 10 ദിവസത്തിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി കുവൈത്തില്‍ പ്രതിദിന കൊവിഡ് കേസുകളിലും കുറവുണ്ടായിട്ടുണ്ട്. 

നിലവില്‍ കുവൈത്തിലെ ആരോഗ്യ സാഹചര്യം സാധാരണ നിലയിലാണെന്നുംആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റെം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറു മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസിനായി മുമ്പോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കുവൈത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തരമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കൊവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്

കുവൈത്ത് സിറ്റി: പുതിയ കൊവിഡ് വകഭേദത്തിന്റെ(Covid 19 variant) പശ്ചാത്തലത്തില്‍ ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത്(Kuwait) വിലക്ക് ഏര്‍പ്പെടുത്തി. സിവില്‍ ഏവിയേഷന്‍ വിഭാഗം ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ബോട്സ്വാന(Botswana), സിംബാവെ(Zimbabwe), മൊസാംബിക്(Mozambique), ലിസോത്തോ (Lesotho), ഈസ്വാതിനി(Eswatini), സാംബിയ (Zambia), മാലാവി(Malawi) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്കുള്ളത്.

കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. വിമാനത്താവളത്തിലും രാജ്യത്തെത്തി ആറാം ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താം. 

click me!