പ്രവാസിയുടെ മരണത്തില്‍ പോലും തനിക്കെന്ത് കിട്ടുമെന്നാണ് ചിന്ത; ഉള്ളുപൊള്ളുന്ന ആ അനുഭവം സോഷ്യല്‍ മീഡിയയില്‍

By Web TeamFirst Published Mar 28, 2023, 9:58 PM IST
Highlights

അടുത്തിടെ യുഎഇയില്‍ മരിച്ച ഒരു മലയാളി യുവാവിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവരില്‍ നിന്ന് പ്രതികരണമാണ് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 

ദുബൈ: മറ്റുള്ളവര്‍ക്ക് വേണ്ടി എരിഞ്ഞൊടുങ്ങുന്ന ജീവിതങ്ങളാണ് മിക്ക പ്രവാസികളുടെയും നല്ലൊരു നാളെ സ്വപ്‍നം കണ്ട്  കടല്‍കടക്കുന്ന പ്രവാസികളെ പലരും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള യന്ത്രം പോലെ കാണുന്നത് സിനിമകളില്‍ മാത്രമല്ല. അതിനിടയില്‍ സ്വന്തത്തിന് വേണ്ടി ജീവിക്കാന്‍ നേരം കിട്ടാത്ത അനവധിപ്പേരുണ്ട്. അങ്ങനെ ചിലര്‍ക്ക് ജീവന്‍ പോലും മറുനാട്ടില്‍ നഷ്ടമാവുന്നു. വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പോലും തനിക്കെന്താണ് നേട്ടമെന്ന് മാത്രം ആലോചിക്കുന്ന ബന്ധുക്കളെ കുറിച്ചുള്ള അനുഭവം വിവരിക്കുകയാണ് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ അഷ്റഫ് താമരശേരി.

അടുത്തിടെ യുഎഇയില്‍ മരിച്ച ഒരു മലയാളി യുവാവിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവരില്‍ നിന്ന് പ്രതികരണമാണ് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ജോലി ആവശ്യാര്‍ത്ഥം നാട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വെച്ചായിരുന്നത്രെ ആ പ്രവാസിയുടെ മരണം.  മൃതദേഹം നാട്ടിലെത്തിക്കാന്‍ എത്ര ചെലവ് വരുമെന്ന് നാട്ടില്‍ നിന്ന് ചിലര്‍ വിളിച്ച് അന്വേഷിച്ചു. ചെലവ് എത്രയെന്ന് അറിയിച്ചപ്പോള്‍ അത്രയും പണം ചെലവഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും മൃതദേഹം അവിടെ തന്നെ സംസ്‍കരിക്കാനുമായിരുുന്നു ബന്ധുക്കളുടെ നിര്‍ദേശം. 

അതനുസരിച്ച് മൃതദേഹം സംസ്‍കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകവെ വീണ്ടും ചിലര്‍ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് തന്നെ അയക്കാന്‍ ആവശ്യപ്പെട്ടു. കാരണം അന്വേഷിച്ചപ്പോള്‍, വിമാനത്താവളത്തില്‍ വെച്ച് മരിച്ച വ്യക്തി വിമാനത്തില്‍വെച്ചാണ് മരിച്ചതെന്ന് ആരോ അവരോട് പറഞ്ഞത്രെ. വിമാനത്തില്‍ വെച്ച് മരണപ്പെട്ടാല്‍ വലിയ നഷ്ടപരിഹാരം ലഭിക്കുമെന്ന ധാരണയിലാണ് ഒന്നിലധികം അവകാശികള്‍ മൃതദേഹത്തിന് വേണ്ടി രംഗത്തെത്തിയതെന്നും അഷ്റഫ് താമരശേരി പറയുന്നു.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
ഇന്നലെ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ച മൃതദേഹങ്ങളിൽ ഒരു മലയാളിയുടെ അവസ്ഥ വളരേ കൗതുകമായി തോന്നി. തന്റെ ജോലിയാവശ്യാർത്ഥം നാട്ടിൽ നിന്നുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഈ പ്രവാസി മരണമടയുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കാൻ എത്ര ചിലവ് വരുമെന്ന്‌ അന്വേഷിച്ച് ചിലർ വിളിച്ചിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലയക്കാൻ വരുന്ന ചിലവ് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി. ഇത്രയും സംഖ്യ ചിലവഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മൃതദേഹം ഇവിടെ തന്നെ മറവ് ചെയ്യാനായിരുന്നു അവരുടെ നിർദേശം. അത് പ്രകാരം ഇവിടെ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകവെ വീണ്ടും ആളുകൾ ബന്ധപ്പെട്ടിട്ടു പറഞ്ഞു മൃതദേഹം നാട്ടിലേക്ക് തന്നെ അയക്കാൻ. പെട്ടന്നുണ്ടായ മാനസാന്തരത്തിന്റെ കാരണം അന്വേഷിച്ച് പോയപ്പോഴാണ് അതിലും കൗതുകം. വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ട വ്യക്‌തിയെ വിമാനത്തിൽ വെച്ച് മരിച്ചു എന്ന് ആരോ വേണ്ടപ്പെട്ടവരെ അറിയിച്ചതാണ് കാര്യങ്ങളെ ഇത്രമേൽ മാറ്റി മറിച്ചത്. വിമാനത്തിൽ വെച്ച് മരിച്ചാൽ വലിയ തുക നഷ്ട പരിഹാരം ലഭിക്കുമെന്ന ധാരണയിൽ പിന്നീട് മൃതദേഹത്തിന് ഒന്നിൽ കൂടുതൽ അവകാശികൾ രംഗത്ത് വന്നിരുന്നു. മനുഷ്യന്റെ കാര്യം ഇത്രയേയുള്ളൂ. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നവരായി മാറുന്നു മനുഷ്യർ.

നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ നന്മകൾ വാർഷിക്കുമാറാകട്ടെ.

അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ....

Read also: പ്രവാസി യുവാവിന്റെ മരണത്തെക്കുറിച്ച് ഉള്ളുതൊടുന്ന കുറിപ്പുമായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി

click me!