കോട്ടയം ജില്ലക്കാരനായ യുവാവ് ജോലിക്കിടെ താമസ സ്ഥലത്തേക്ക് വന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മരണപ്പെട്ട സംഭവമാണ് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. 

ദുബൈ: ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മറുനാട്ടില്‍ കഷ്ടപ്പെടുന്ന പ്രവാസികളുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല ഓരോ പ്രവാസിയുടെയും ഉള്ളുലയ്ക്കുന്ന വാര്‍ത്തയാണ്. ജനിച്ച നാടും പ്രിയപ്പെട്ടവരെയും ഒരുനോക്ക് കാണാനാവാതെ യുവത്വത്തില്‍ തന്നെ വിടപറയേണ്ടി വരുന്ന സങ്കടകരമായ നിമിഷമാണവ. കഴിഞ്ഞ ദിവസം യുഎഇയില്‍ നിര്യാതനായ ഒരു ചെറുപ്പക്കാരനെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ അഷ്‍റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ആരുടെയും കണ്ണു നിറയ്ക്കും.

കോട്ടയം ജില്ലക്കാരനായ യുവാവ് ജോലിക്കിടെ താമസ സ്ഥലത്തേക്ക് വന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മരണപ്പെട്ട സംഭവമാണ് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. ഭക്ഷണം കഴിച്ച് മടങ്ങിവരാനുള്ള ഇടവേള സമയം അവസാനിച്ചിട്ടും കാണാതായപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരിച്ചില്ല. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ താമസ സ്ഥലത്ത് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം...

ഇന്നലെ മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. കോട്ടയം ജില്ലക്കാരനായ ഒരു പ്രവാസി. പതിവ് പോലെ ജോലിക്ക് പോയ ഇദ്ദേഹം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് വന്നതായിരുന്നു. ഉച്ചക്കുള്ള ഇടവേള സമയവും കഴിഞ്ഞ് ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സെക്യുരിറ്റി ജീവനക്കാരന്‍ താമസ സ്ഥലത്ത് ചെന്നപ്പോള്‍ ഈ യുവാവ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോവുകയായിരുന്നു. ഭക്ഷണം വാരിക്കഴിച്ച കയ്യുമായി അന്ത്യയാത്ര. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രവാസലോകത്ത്‌ എത്തിയ ചെറുപ്പക്കാരന്‍. തന്റെയും കുടുംബത്തിന്‍റെയും അന്നം തേടി കടല്‍ കടന്ന പ്രവാസിയുടെ ജീവിതം ഭക്ഷണത്തിന് മുന്നില്‍ വെച്ച് അവസാനിക്കുന്നു. ജോലിയില്‍ വ്യാപൃതനായിരിക്കെ വിശന്നപ്പോള്‍ ഓടിച്ചെന്ന് ഭക്ഷണം വാരിക്കഴിക്കുമ്പോള്‍ ഈ സഹോദരന്‍ അറിഞ്ഞിട്ടുണ്ടാകില്ല ഇത് തന്റെ അവസാനത്തെ അന്നമാണെന്ന്. ഏറെ സങ്കടകരമായ അവസ്ഥ. കുടുംബവും പ്രിയപ്പെട്ടവരും എങ്ങിനെ സഹിക്കുമെന്നറിയില്ല. വേദനാജനകമായ അവസ്ഥ. 

പ്രിയപ്പെട്ട സഹോദരന്‍റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലുല്ലവര്‍ക്കും ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ

Read also: മൂന്ന് മാസം മുമ്പ് കുഴ‍ഞ്ഞുവീണ് മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു