
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് കുവൈത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ന് കുവൈത്ത് എയർവേസിന്റെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ചു. യാത്രക്കാരില്ലാതെ കുവൈത്ത് എയർവേയ്സ് പ്രത്യേകമായി നടത്തിയ സർവീസിലാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്.
കുവൈത്തിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സലീം കുമ്മേരിയും സുഹൃത്തായ അയ്യൂബ്യും നിരവധി ദിവസങ്ങളായി നടത്തിയ നിരന്തര പരിശ്രമവും ഇടപെടലുമാണ് ഇതിന് വഴിയൊരുക്കിയത്. നിലവിലെ യുദ്ധസാഹചര്യം കാരണം കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് സാധാരണ സർവീസുകൾ ഇല്ലാതായതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയാതെ ഏറെ ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകരുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് കുവൈത്ത് എയർവേയ്സ് അധികൃതർ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമെന്ന് ഉറപ്പു നൽകുകയുമായിരുന്നു. ഇതിനായി കുവൈത്ത് എയർവേസ് പ്രത്യേക ക്രമീകരണം നടത്തി. ഇന്ന് ഉച്ചയ്ക്ക് കുവൈത്തിൽ നിന്ന് പറന്നുയർന്ന വിമാനം വൈകുന്നേരം 5.30ഓടെ കൊച്ചി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വിമാനത്തിൽ മൂന്ന് മൃതദേഹങ്ങളാണ് ഇന്ത്യയിലേക്ക് കൊണ്ടുപോയത്. അതിൽ സോണി വസന്തിന്റെ മൃതദേഹം ഡൽഹിയിലേക്കും, പുലിമൂട്ടിൽ തോമസ് ജോർജ്, പുത്തൻവില മൈദീൻ അലി ഖാൻ എന്നിവരുടെ മൃതദേഹങ്ങൾ കേരളത്തിലേക്കുമാണ് കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ പുത്തൻവില മൈദീൻ അലി ഖാൻ (74) മകളെ കാണാനായി സന്ദർശക വിസയിൽ കുവൈത്തിൽ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മകൾ ഫൗസിയ അലി ഖാൻ കുവൈത്തിലെ സബാഹ ആശുപത്രിയിലെ നഴ്സാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിരുന്നെങ്കിലും വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വരികയായിരുന്നു.
ഇപ്പോഴും മകളും കൊച്ചുമക്കളും കുടുംബാംഗങ്ങളും കുവൈത്തിൽ വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ഇവിടെ തന്നെ കുടുങ്ങിയിരിക്കുകയാണ്. പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ നാട്ടിലെത്താൻ കഴിയാതെ കാത്തിരിക്കുകയാണ്. എന്നാലും മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞ സമാധാനത്തിലാണ് മകൾ ഫൗസിയ അലി ഖാൻ. അതേസമയം, ആലപ്പുഴ ജില്ലയിലെ കായംകുളം പത്തിയൂർ സ്വദേശിയായ പുലിമൂട്ടിൽ തോമസ് ജോർജ് (57) കുവൈത്തിലെ ജഹ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. അദ്ദേഹം FPS കമ്പനിയിലെ ജീവനക്കാരനായിരുന്നു. തോമസ് ജോർജിന്റെ മൃതദേഹവും നാട്ടിലെത്തിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു കുടുംബം.
ഇന്ന് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിച്ച ശേഷം, മേഖലയിലെ സംഘർഷാവസ്ഥയിൽ കാരണം ഇന്ത്യയിൽ കുടുങ്ങിയിരിക്കുന്ന ചില കുവൈത്ത് പൗരന്മാരെ തിരികെ കുവൈത്തിലേക്ക് കൊണ്ടുവരാനും കൂടിയാണ് ഈ വിമാനത്തിന്റെ മടക്കയാത്ര. പ്രവാസികളുടെ പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും മരണാനന്തര ബഹുമാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകർ നടത്തിയ സേവനത്തിനോടൊപ്പം കുവൈത്ത് അധികൃതരുടെ സഹായഹസ്തം ഇന്ത്യ കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam