വന്യജീവികളെ വേട്ടയാടുകയോ ഉപദ്രവിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി സൗദി അധികൃതർ

Published : Nov 09, 2026, 12:22 PM IST
Wildlife

Synopsis

സൗദി അറേബ്യയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിൽ വന്യജീവികളെ ഉപദ്രവിക്കുന്നതും പിന്തുടരുന്നതും കുറ്റകരമാണെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. കഴുതപ്പുലിയെ വാഹനം ഉപയോഗിച്ച് പിന്തുടരുന്ന വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.

റിയാദ്: സൗദി അറേബ്യയിലെ വനം വന്യ ജീവി സംരക്ഷിത മേഖലയായ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് പരിധിയിൽ വന്യജീവികളെ പിന്തുടരുന്നതും ഉപദ്രവിക്കുന്നതും അവയെ അപകടത്തിലാക്കുന്നതും കുറ്റകരമാണെന്ന് ഡെവലപ്‌മെന്റ് അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി. സംരക്ഷിത പ്രദേശത്തിനുള്ളിൽ കഴുതപ്പുലിയെ വാഹനം ഉപയോഗിച്ച് പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.

വന്യജീവികളെ വേട്ടയാടുന്നത് തടയുക എന്നത് മാത്രമല്ല സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക കൂടി ഇതിന്റെ ഭാഗമാണ്. വാഹനങ്ങളിൽ പിന്തുടർന്ന് പേടിപ്പെടുത്തുന്നതും ആക്രമിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളിൽ നിന്നും ആളുകൾ വിട്ടുനിൽക്കണം. പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിയമപ്രകാരം വേട്ടയാടൽ പൂർണ്ണമായും നിരോധിച്ചിട്ടുള്ള വന്യജീവികളിൽ ഒന്നാണ് വരയൻ കഴുതപ്പുലി. വന്യമൃഗ വേട്ടയുമായി ബന്ധപ്പെട്ട നിയമങ്ങൾ അനുസരിച്ച് ഒരു വരയൻ കഴുതപ്പുലിയെ വേട്ടയാടിയാൽ 80,000 റിയാലാണ് പിഴ. വേട്ടയാടലും വന്യജീവികളെ ഉപദ്രവിക്കുന്ന മറ്റ് രീതികളും വേവ്വേറെ കുറ്റകൃത്യങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ഓരോ ലംഘനങ്ങൾക്കും അതിന്റേതായ ശിക്ഷാനടപടികൾ നേരിടേണ്ടി വരും.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വരയൻ കഴുതപ്പുലികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തിന്ന് പരിസരം ശുചിയാക്കാനും പ്രകൃതിയിലെ പോഷകചക്രം കൃത്യമായി നടക്കാനും ഇവ സഹായിക്കുന്നു. അതുകൊണ്ടുതന്നെ, റിസർവുകളിലെ ജൈവവൈവിധ്യം നിലനിർത്താൻ ഇത്തരം ജീവികളുടെ സംരക്ഷണം അത്യാവശ്യമാണ്. വന്യജീവികളെയും അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനായി അതോറിറ്റിയുടെ നേതൃത്വത്തിൽ നിരീക്ഷണവും ഫീൽഡ് തലത്തിലുള്ള പരിശോധനകളും തുടരുകയാണ്. പരിസ്ഥിതിയും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും ഇതിനായി കൃത്യമായ അവബോധവും ഉത്തരവാദിത്തമുള്ള പെരുമാറ്റവും ഉണ്ടാകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ, എൻവീഡിയയുടെ മേധാവിക്കെതിരെ അന്വേഷണം
റിയാദ് ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ ഇന്ന് മുതൽ ക്ലാസുകൾ പുനരാരംഭിക്കുന്നു