
ദോഹ: ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ ഉത്സവകാലമായ ‘സുഹൈൽ’ കതാറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷന് സെപ്റ്റംബർ 14 ഞായറാഴ്ച കൊടിയിറങ്ങും. കതാറ കൾചറൽ വില്ലേജ് വേദിയാകുന്ന മേളയുടെ ഒമ്പതാമത് പതിപ്പിന് സെപ്റ്റംബർ 10നാണ് തുടക്കമായത്. മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം. ഇത്തവണത്തെ സുഹൈൽ ഫാൽക്കൺ മേള കൂടുതൽ സന്ദർശക പങ്കാളിത്തത്താൽ ശ്രദ്ധേയമാണ്.
കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജരും സംഘാടക സമിതി ചെയർമാനുമായ ഡോ. ഖാലിദ് ബിൻ ഇബ്രാഹീം അൽ സുലൈത്തിയാണ് ആദ്യദിനം എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്. ഫാൽക്കൺ പക്ഷികളുടെ വിൽപനയ്ക്കും പ്രദർശനത്തിനും പുറമെ, വേട്ടക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും, ഫാൽക്കണുമായി ബന്ധപ്പെട്ട വസ്തുക്കൾ, സഫാരിക്കുള്ള വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങളും, കരകൗശല വസ്തുക്കൾ എന്നിവയുടെ വിൽപനയും പ്രദർശനവുമുണ്ട്. 21 രാജ്യങ്ങളിലെ 202 പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തം എക്സിബിഷനിലുണ്ട്. ക്യാമ്പിങിനുള്ള സാധനങ്ങളുടെ വിൽപന, ഫാൽക്കണുകളുടെ ചികിത്സയെക്കുറിച്ചുള്ള പ്രത്യേക പ്രഭാഷണങ്ങൾ, സാംസ്കാരിക, ബോധവത്കരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
മുൻവർഷത്തേക്കാൾ കൂടുതൽ പ്രദർശന സ്ഥലവും അന്താരാഷ്ട്ര പങ്കാളിത്തവും ഇത്തവണ മേളയുടെ പ്രത്യേകതയാണ്. മുൻ വർഷത്തേക്കാൾ 2000 ചതുരശ്ര മീറ്റർ കൂടി കൂട്ടിച്ചേർത്ത്, മൊത്തം പ്രദർശന സ്ഥലം 15,000 ചതുരശ്ര മീറ്ററായി വികസിപ്പിച്ചിട്ടുണ്ട്. 2017 മുതലാണ് കതാറ കൾചറൽ വില്ലേജിന്റെ നേതൃത്വത്തിൽ 'സുഹൈൽ' ഫാൽക്കൺ മേള ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഫാൽക്കൺ പക്ഷികളാണ് മേളയിൽ ലേലത്തിനായി എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ