
കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് രേഖകളിൽ കൃത്രിമം നടത്തുകയും കമ്പനികളുടെ പേരിൽ വ്യാജ ലാഭക്കണക്കുകൾ തയ്യാറാക്കുകയും ചെയ്ത കേസിൽ കുവൈത്തി പൗരന്മാരും പ്രവാസികളും ഉൾപ്പെടെ പത്ത് പേർക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. അതേസമയം പ്രതികൾക്കെതിരെ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയ അപ്പീൽ കോടതി നേരത്തെ വിധിച്ച പത്ത് വർഷത്തെ തടവും ആകെ 422 ദശലക്ഷം കുവൈത്ത് ദിനാറിന്‍റെ പിഴയും റദ്ദാക്കി.
ജസ്റ്റിസ് അബ്ദുല്ല അൽ സാനിഅയുടെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജഡ്ജിമാരായ മിഷാൽ അൽ മുതവ്വ, സൗദ് അൽ മുതൈരി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. വിവിധ കമ്പനികളുടെ പേരിൽ യഥാർത്ഥത്തിൽ ലഭിക്കാത്ത ലാഭം ലഭിച്ചതായി കാണിക്കുന്നതിനായി ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമായി തയ്യാറാക്കിയതായി കോടതി കണ്ടെത്തി.
കേസിൽ നേരത്തെ കീഴ്‌ക്കോടതി പ്രതികൾക്ക് പത്ത് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കും കേസിൽ ഉൾപ്പെട്ട വിവിധ കമ്പനികൾക്കുമായി ആകെ 422 ദശലക്ഷം ദിനാർ പിഴയും ചുമത്തിയിരുന്നു. എന്നാൽ അപ്പീൽ കോടതി കേസ് വീണ്ടും പരിശോധിച്ചപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം തെളിയിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ആ കുറ്റവുമായി ബന്ധപ്പെട്ട തടവുശിക്ഷകളും സാമ്പത്തിക പിഴകളും റദ്ദാക്കുകയും മറ്റ് പ്രതികളെയും കമ്പനികളെയും കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
അതേസമയം ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയെന്ന കുറ്റം തെളിഞ്ഞതിനാൽ പത്ത് പ്രതികൾക്ക് മൂന്ന് വർഷം വീതം തടവുശിക്ഷ വിധിക്കുകയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്കെതിരായ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയെന്ന കുറ്റത്തിന് പ്രതികൾ ശിക്ഷ നേരിടേണ്ടിവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam