ദുബായ് ഭരണാധികാരിയുടെ ഹൃദയം കവര്‍ന്ന ഒന്‍പത് വയസുകാരി...

By Web TeamFirst Published May 30, 2019, 3:46 PM IST
Highlights

ഇഫ്താര്‍ വേദിയില്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സ്റ്റേജില്‍ കയറി മഹിന തന്റെ ജീവിതകഥ പറഞ്ഞു. സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ അവളെ ശൈഖ് മുഹമ്മദ് വാല്‍സല്യപൂര്‍വം ചേര്‍ത്തുപിടിച്ചു. സ്റ്റേജില്‍ നിന്ന് ഇറങ്ങിയ ശേഷവും അദ്ദേഹം അവളുടെ അടുത്തെത്തി. 

ദുബായ്: നന്മകള്‍ പൂത്തുലയുന്ന റമദാനില്‍ അപൂര്‍വമായൊരു സമാഗമത്തിനാണ് കഴിഞ്ഞ ദിവസം ദുബായ് സാക്ഷ്യം വഹിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ താജികിസ്ഥാനില്‍ നിന്നൊരു അതിഥിയെത്തി. ഒന്‍പത് വയസുകാരി മഹിന ഘനീവ.

ഹൃദയത്തില്‍ നാല് ദ്വാരങ്ങളുമായാണ് താജികിസ്ഥാനില്‍ മഹീന ജനിച്ചത്. അതുകൊണ്ടുതന്നെ സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കളിക്കാനോ ഓടിനടക്കാനോ അവള്‍ക്ക് കഴിയുമായിരുന്നില്ല. അമ്മയും അച്ഛനും വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നതിനാല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിന് നിറം നല്‍കാന്‍ അവളുടെ വീട്ടുകാര്‍ക്കും സാധിക്കുമായിരുന്നില്ല. ഒരു വയസിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നുവെങ്കിലും അഞ്ച് വയസ് കഴിയുന്നത് വരെ കാര്യമായ ചികിത്സയൊന്നും അവള്‍ക്ക് ലഭിച്ചില്ല. ഒടുവില്‍ ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എം.ബി.ആര്‍.ജി.ഐ) ആണ് അവള്‍ക്ക് സഹായവുമാത്തെയത്. 

വിശദ പരിശോധനകള്‍ക്കായി യുഎഇയില്‍ നിന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം താജികിസ്ഥാനിലേക്ക് പറന്നു. കാര്‍ഡിയാക് സര്‍ജന്‍ ഡോ. ഉബൈദ് അല്‍ ജാസിമിന്റെ നേതൃത്വത്തില്‍ അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. ആദ്യ വര്‍ഷത്തില്‍ നടത്തേണ്ട ശസ്ത്രക്രിയ അഞ്ച് വര്‍ഷം വൈകിയതിനാല്‍ ഏറെ സങ്കീര്‍ണമായിരുന്നുവെന്ന് ഡോ. ഉബൈദ് പറഞ്ഞു. താജികിസ്ഥാനിലെ ഒരു വിദൂര ഗ്രാമത്തിലായിരുന്നു അമ്മയോടൊപ്പം മഹിന കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം മഹിനയുടെ സ്ഥിതി മെച്ചപ്പെട്ടതോടെ അവളുടെ മതാപിതാക്കളുടെ ജീവിതത്തിലും പുതിയ പ്രതീക്ഷകള്‍ ജനിച്ചു. അകന്നുകഴിയുകയായിരുന്ന മാതാപിതാക്കള്‍ ഒന്നിച്ചു. ഇപ്പോള്‍ മഹിനക്ക് ഒന്‍പത് വയസായി. പൂര്‍ണ ആരോഗ്യവതിയാണവള്‍. കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് ദുബായില്‍ സംഘടിപ്പിച്ച ഇഫ്താറിലേക്കാണ് അധികൃതര്‍ അവളെ ക്ഷണിച്ചത്.

ഇഫ്താര്‍ വേദിയില്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സ്റ്റേജില്‍ കയറി മഹിന തന്റെ ജീവിതകഥ പറഞ്ഞു. സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ അവളെ ശൈഖ് മുഹമ്മദ് വാല്‍സല്യപൂര്‍വം ചേര്‍ത്തുപിടിച്ചു. സ്റ്റേജില്‍ നിന്ന് ഇറങ്ങിയ ശേഷവും അദ്ദേഹം അവളുടെ അടുത്തെത്തി. കുഞ്ഞിനോളം കുനിഞ്ഞ് നിന്ന ശൈഖ് മുഹമ്മദിന് സന്തോഷത്തോടെ മഹിന ചുംബനങ്ങള്‍ നല്‍കി. വസ്ത്രത്തില്‍ ധരിച്ചിരുന്ന ബാഡ്ജ് ശൈഖ് മുഹമ്മദ് അവള്‍ക്ക് സമ്മാനിച്ചു. 

താജികിസ്ഥാനില്‍ മാത്രം മഹിനയെപ്പോലം ഇരുനൂറോളം കുട്ടികള്‍ക്കാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് സഹായങ്ങളെത്തിച്ചത്. താജിക് ആരോഗ്യ മന്ത്രാലയത്തിന്റെയും പ്രാദേശിക ആശുപത്രികളുടെയും സഹായത്തോടെ ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നു. 2017ല്‍ 70 കുട്ടികള്‍ക്കും കഴിഞ്ഞ വര്‍ഷം 102 കുട്ടികള്‍ക്കും സഹായമെത്തിച്ചു. ലോകമെമ്പാടുമായി ഏഴ് കോടിയില്‍പരം ആളുകള്‍ക്കാണ് ഇതുവരെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് സഹായുമായെത്തിയത്.

click me!