വിസിറ്റ് വിസയിലെത്തിയപ്പോൾ സ്ട്രോക്ക് വന്നു, ഇൻഷുറൻസ് കമ്പനി ചികിത്സക്ക് അനുമതി നൽകിയില്ല, സൗദി ഇൻഷുറൻസ് അതോറിറ്റിയുടെ ഇടപെടൽ മലയാളിക്ക് തുണയായി

Published : Jun 10, 2025, 01:50 PM IST
shajahan

Synopsis

ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷാജഹാനാണ് (57) അതോറിറ്റിയുടെ ഇടപെടൽ തുണയായത്

റിയാദ്: വിസിറ്റ് വിസയിൽ സൗദിയിലെത്തിയ മലയാളിക്ക് ബ്ലഡ് പ്രഷർ ഉയർന്ന് സ്ട്രോക്ക് വന്ന് ആശുപ്രതിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും സ്വകാര്യ ഇൻഷുറൻസ് കമ്പനി ചികിത്സക്ക് അനുമതി നൽകിയില്ല. ഭാരിച്ച തുക ആശുപത്രി ബില്ല് അടയ്ക്കാനാവാതെ പ്രതിസന്ധിയിലായപ്പോൾ സൗദി ഇൻഷുറൻസ് അതോറിറ്റി ഇടപെട്ട് പരിഹാരം കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷാജഹാനാണ് (57) അതോറിറ്റിയുടെ ഇടപെടൽ തുണയായത്.

ആറ് മാസം മുമ്പാണ് ഷാജഹാൻ വിസിറ്റിങ് വിസയിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വന്നത്. വിസ സ്റ്റാമ്പ് ചെയ്യുേമ്പാൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കൽ നിർബന്ധമാണ്. അതനുസരിച്ച് സൗദിയിൽ ഏത് ആശുപത്രിയിൽ ചികിത്സിച്ചാലും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനുള്ള അവകാശം ഷാജഹാനുണ്ടായിരുന്നു. ഇക്കഴിഞ്ഞ മെയ് 30നാണ് സ്‌ട്രോക്കുണ്ടായി ജുബൈലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ചികിത്സയിൽ ഗുരുതരാവസ്ഥ തരണം ചെയ്തു. എന്നാലും ശരീരത്തിന്റെ ഒരു വശം തളർന്നു.

ആശുപത്രി ചെലവിനുള്ള ഇൻഷുറൻസ് തുക കിട്ടാൻ ആശുപത്രിയിലെ ഇൻഷുറൻസ് ക്ലെയിം ഡിപ്പാർട്ട്മെന്റ് വഴി അപേക്ഷിച്ചപ്പോൾ ഇൻഷുറൻസ് കമ്പനി അപ്രൂവൽ നൽകാൻ തയ്യാറായില്ല. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് അപേക്ഷ തള്ളി. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചെങ്കിലും ബില്ല് അടക്കാത്തത് ആശുപത്രിയിൽനിന്നുള്ള വിടുതലിന് തടസ്സമായി. സാമൂഹിക പ്രവർത്തകർ വഴി സൗദി ഇൻഷുറൻസ് അതോറിറ്റിക്ക് പരാതി നൽകി.

പെരുന്നാൾ അവധി ദിവസമായിട്ടുപോലും അതോറിറ്റി അതിവേഗം പരിഹാര നടപടി സ്വീകരിച്ചു. സ്വകാര്യ കമ്പനിയോട് അപേക്ഷ നിരസിക്കാനുള്ള കാരണം ചോദിച്ചു. മതിയായ കാരണം അവർക്ക് ബോധ്യപ്പെടുത്താനായില്ല. ഒടുവിൽ അപേക്ഷ സ്വീകരിച്ച് അപ്രൂവൽ നൽകാൻ നിർബന്ധിതരായി. ഇൻഷുറൻസ് ക്ലയിം അനുവദിച്ചതായുള്ള എസ്.എം.എസ് ഷാജഹാന് ലഭിച്ചു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ലഭിച്ചു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോവുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോൾ ഇൻഷുറൻസ് അതോറിറ്റിയെ നേരിട്ട് ബന്ധപ്പെടുന്നതാണ് നല്ലതെന്ന ഗുണപാഠമാണ് ലഭിക്കുന്നതെന്ന് സാമൂഹികപ്രവർത്തകർ പറഞ്ഞു. https://www.ia.gov.sa/contact എന്ന ലിങ്കിലാണ് പരാതി നൽകേണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു