കുവൈത്ത് അമീറിന്റെ വിയോഗം; രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി, 40 ദിവസത്തെ ദുഃഖാചരണം

By Web TeamFirst Published Sep 29, 2020, 10:46 PM IST
Highlights

ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തില്‍ മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു.

ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ തുടര്‍ച്ചയായ അഞ്ചു ദിവസം രാജ്യത്ത് അവധിയായിരിക്കും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു. ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ജൂലൈയിലാണ് അമീറിനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയത്. 2014ൽ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിൻ്റെ ലോകനായക പട്ടം നൽകി ആദരിച്ചിരുന്നു.

കുവൈത്ത് അമീറിന്‍റെ നിര്യാണം; യുഎഇയില്‍ മൂന്ന് ദിവസം ദുഃഖാചരണം

മഹാനായ നേതാവും രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി ഒരു മനുഷ്യസ്നേഹിയുമായിരുന്നു കുവൈത്ത് അമീറെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് അനുസ്മരിച്ചു. അറിവിന്‍റെയും യുക്തിയുടെയും ശബ്ദമായിരുന്നു അമീറെന്നും ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അമീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അമീറിന്‍റെ മഹത്വത്തെ ഇന്ത്യന്‍ ജനത സ്നേഹപൂര്‍വം സ്മരിക്കും. കുവൈത്തിലെ ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ നല്‍കിയ കരുതലും വാത്സല്യവും എന്നും സ്മരിക്കപ്പെടുമെന്നും സിബി ജോര്‍ജ് പറഞ്ഞു.

ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി

 

click me!