സോഷ്യല്‍ മീഡിയയിലൂടെ മതത്തെ അപമാനിച്ചു; മൂന്ന് പ്രവാസികള്‍ക്ക് യുഎഇയില്‍ ശിക്ഷ

By Web TeamFirst Published Jan 19, 2020, 9:52 PM IST
Highlights

ജീവനക്കാര്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനേജ്മെന്റ് തന്നെ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. ഇവരെ വിളിച്ചുവരുത്തി കാര്യം തിരക്കിയപ്പോള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തെന്ന് സമ്മതിച്ചു.

ദുബായ്: സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിനെ അപമാനിച്ച കുറ്റത്തിന് മൂന്ന് വിദേശികള്‍ക്ക് യുഎഇയില്‍ പിഴ ചുമത്തി. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തിരുന്നവരാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ ഓരോരുത്തരും അഞ്ച് ലക്ഷം ദിര്‍ഹം വീതം പിഴയടയ്ക്കാനാണ് ദുബായ് പ്രാഥമിക കോടതിയുടെ ഉത്തരവ്.

പ്രതികളെല്ലാം ശ്രീലങ്കന്‍ പൗരന്മാരാണ്. 28നും 34നും ഇടയില്‍ പ്രായമുള്ള ഇവര്‍ ഫേസ്‍ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത സന്ദേശങ്ങളിലൂടെ മതത്തെ അപമാനിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവേചനവും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനെതിരെയുള്ള നിയമവും ഫെഡറല്‍ ശിക്ഷാനിയമവും പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇവരില്‍ നിന്ന് പിഴ ഈടാക്കിയശേഷം നാടുകടത്താനാണ് ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടിരിക്കുന്നത്.

മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 19നാണ് അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹോട്ടലിലെ ജീവനക്കാര്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് തന്നെ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. ഇവരെ വിളിച്ചുവരുത്തി കാര്യം തിരക്കിയപ്പോള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തെന്ന് സമ്മതിച്ചു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും മൂവരെയും പൊലീസിന് കൈമാറുകയുമായിരുന്നു.

പിന്നീട് പ്രോസിക്യൂഷനില്‍ നിന്ന് വാറണ്ട് ലഭിച്ചശേഷം പ്രതികളുടെ താമസ സ്ഥലം പരിശോധിച്ച് ലാപ്‍ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. മതത്തെ അപമാനിക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തതായി ഇവര്‍ പ്രോസിക്യൂഷനോടും സമ്മതിച്ചു. ഈ സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും പകര്‍പ്പ് കേസ് ഫയലില്‍ തെളിവുകളായി ചേര്‍ത്തിട്ടുണ്ട്. നിശ്ചിത സമയപരിധിക്കകം പ്രതികള്‍ ആരും അപ്പീല്‍ നല്‍കാത്തതിനാല്‍ ഇപ്പോഴത്തെ കോടതിവിധി അന്തിമമായിരിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

click me!