സുഹൃത്തിന്റെ 'പാര്‍സല്‍' ചതിച്ചു; യുവാവിന് യുഎഇ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു

By Web TeamFirst Published Jun 9, 2021, 10:51 PM IST
Highlights

തന്റെ സുഹൃത്തായ ഒരാളാണ് നാട്ടില്‍ നിന്നുള്ള ടിക്കറ്റിന്റെ ചെലവ് വഹിച്ചതും യുഎഇയില്‍ ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്‍തതും. ഇദ്ദേഹമാണ് യുഎഇയിലെ മറ്റൊരാളെ ഏല്‍പ്പിക്കാനെന്ന പേരില്‍ കുറച്ച് സാധനങ്ങള്‍ കൈവശം തന്നുവിട്ടതെന്നും യുവാവ് പറഞ്ഞു.

ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ കഞ്ചാവുമായി പിടിയിലായ വിദേശിക്ക് ശിക്ഷ വിധിച്ചു. താന്‍ നിരപരാധിയാണെന്നും തന്റെ സുഹൃത്താണ് പാര്‍സല്‍ തനിക്ക് നല്‍കിയതെന്നും അതിനുള്ളില്‍ പഴമാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും യുവാവ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

തന്റെ സുഹൃത്തായ ഒരാളാണ് നാട്ടില്‍ നിന്നുള്ള ടിക്കറ്റിന്റെ ചെലവ് വഹിച്ചതും യുഎഇയില്‍ ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്‍തതും. ഇദ്ദേഹമാണ് യുഎഇയിലെ മറ്റൊരാളെ ഏല്‍പ്പിക്കാനെന്ന പേരില്‍ കുറച്ച് സാധനങ്ങള്‍ കൈവശം തന്നുവിട്ടതെന്നും യുവാവ് പറഞ്ഞു. എന്നാല്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 10 വര്‍ഷം തടവും 50,000 ദിര്‍ഹം വിധിക്കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുവാവ് ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ പിടിയിലായത്. ലഗേജ് സ്‍കാന്‍ ചെയ്യുന്നതിനിടെ സംശയകരമായ ചില സാധനങ്ങള്‍ ബാഗിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വിശദ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് രണ്ട് വലിയ പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തത്. എന്നാല്‍ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന നിലപാടാണ് യുവാവ് കോടതിയിലും സ്വീകരിച്ചത്. 

click me!