15 വർഷമായി നാട്ടിൽ പോയിട്ടില്ല; തിരുവനന്തപുരം സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

Published : Oct 27, 2026, 10:47 AM IST
saudi obit

Synopsis

കഴിഞ്ഞ 15 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ സൗദി അറേബ്യയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജയകുമാർ ഹൃദയാഘാതം മൂലം മരിച്ചു. ഇഖാമയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണമാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നത്. മൃതദേഹം ദവാദ്മിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

റിയാദ്: കഴിഞ്ഞ 15 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ സൗദി അറേബ്യയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കിളിമാനൂർ വിളക്കാട്ട്ക്കോണം പുണർതത്തിൽ അജയകുമാർ (56) ആണ് റിയാദിന് സമീപം ദവാദ്മിയിൽ നിര്യാതനായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ 36 വർഷമായി പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന അജയകുമാറിന്, താമസരേഖയായ ഇഖാമ 'ഹുറൂബ്' (സ്പോൺസറുടെ കീഴിൽ നിന്ന് ഒളിച്ചോടി എന്ന നിയമക്കുരുക്കിൽ) ആയതിനാലും മറ്റ് നിയമതടസ്സങ്ങൾ നിലനിന്നിരുന്നതിനാലുമാണ് ഇത്രയും കാലം നാട്ടിൽ പോകാൻ സാധിക്കാതിരുന്നത്.

താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അജയകുമാറിനെ ഒരു സൗദി പൗരൻ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ കേളി ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനറെ വിവരമറിയിക്കുകയും, കേളി നേതൃത്വം നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടത് കിളിമാനൂർ സ്വദേശി അജയകുമാറാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

പരേതരായ സോമരാജൻ - കമലമ്മ ദമ്പതികളുടെ മകനാണ്. അജയകുമാർ വിവാഹമോചിതനാണ്. സുഗന്ധി, അനിത, ജീന, ദവാദ്മിയിലെ മുൻ പ്രവാസിയായ ഷാജി എന്നിവരാണ് സഹോദരങ്ങൾ. നാട്ടിലെ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. പ്രത്യേക സാഹചര്യം പരിഗണിച്ച്, നിലവിൽ ദവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദവാദ്മിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സനയിലെ ഹൂതി വിമതരുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ അറബ് സഖ്യസേന തകർത്തു
സൗദിയിലെ ഖമീസ് മുശൈത്തിലും അഹദ് അൽ റുഫൈദയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം