സൗദിയിലെ ഖമീസ് മുശൈത്തിലും അഹദ് അൽ റുഫൈദയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്ക്. മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

റിയാദ്: തെക്കൻ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ എന്നീ പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് സൗദി സേന തടഞ്ഞുനശിപ്പിച്ചതിനെത്തുടർന്നാണ് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചത്. സംഭവത്തിൽ പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഞായറാഴ്ചയുണ്ടായ ഈ സംഭവത്തെത്തുടർന്ന് ഇരു ഗവർണറേറ്റുകളിലും സിവിൽ ഡിഫൻസ് വിഭാഗം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ പ്രവാസിക്കുമാണ് പരിക്കേറ്റതെന്ന് സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. കൂടാതെ, മൂന്ന് പാർപ്പിട കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് സുരക്ഷാ അധികൃതർ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.