അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ ഷാർജയിൽ അറസ്റ്റിൽ, വാഹനങ്ങൾ കണ്ടുകെട്ടി

Published : Jul 10, 2026, 04:25 PM IST
police vehicle

Synopsis

ഷാർജയിൽ റോഡ് യാത്രികരുടെ ജീവന് ഭീഷണിയാകും വിധം അപകടകരമായി വാഹനമോടിച്ച രണ്ട് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾക്ക് മുൻപേ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയതാണെന്നും ഇയാൾക്കെതിരെ പൊലീസ് സർക്കുലർ നിലവിലുണ്ടെന്നും കണ്ടെത്തി. വാഹനങ്ങൾ കണ്ടുകെട്ടി.   

ഷാർജ: റോഡ് യാത്രികരുടെ ജീവന് ഭീഷണിയാകും വിധം മാരകമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ രണ്ട് ഡ്രൈവർമാരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പൊലീസ് കണ്ടുകെട്ടുകയും തുടർ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അശ്രദ്ധമായും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിലും വാഹനമോടിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ രണ്ടാമത്തെ ഡ്രൈവറെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാൾക്ക് നേരത്തെ തന്നെ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയിരുന്നതായും സമാനമായ മറ്റ് ട്രാഫിക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പൊലീസ് സർക്കുലർ നിലവിലുണ്ടായിരുന്നതായും കണ്ടെത്തി. മുൻപും നിരവധി തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ചരിത്രമുള്ളയാളാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കി.

നിയമലംഘനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ കർശന നടപടി

റോഡ് യാത്രികരുടെ ജീവന് ഭീഷണിയുയർത്തുന്ന ഒരു പ്രവൃത്തിയും വെച്ചുപൊറുപ്പിക്കില്ലെന്ന് ഷാർജ പൊലീസ് ആവർത്തിച്ചു. അശ്രദ്ധമായി വാഹനമോടിക്കുകയോ, അത്തരം അപകടകരമായ ട്രാഫിക് നിയമലംഘനങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു. എമിറേറ്റിലുടനീളം റോഡ് സുരക്ഷ ശക്തമാക്കുന്നതിനും യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും ഷാർജ പൊലീസ് കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ വാരാന്ത്യത്തിലും കടുത്ത ചൂടും പൊടിക്കാറ്റും തുടരും; താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാം
നാട്ടിൽ നിന്നെത്തി മൂന്ന് മാസം, ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു