കുവൈത്തിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റും കടുത്ത ചൂടും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാരാന്ത്യത്തിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഉൾപ്പെടെയുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റും കടുത്ത ചൂടുമുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദിറാർ അൽ അലി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് സാധാരണ ഗതിയിൽ വീശുമെങ്കിലും ചില സമയങ്ങളിൽ ഇത് ശക്തി പ്രാപിച്ച് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാൻ കാരണമാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ സമയത്തെ താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാത്രിയിൽ ഇത് 33 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായി കുറയാൻ സാധ്യതയുണ്ട്. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും തിരമാലകൾ ആറ് അടി വരെ ഉയർന്നേക്കാം.

ശനിയാഴ്ച ചൂട് വീണ്ടും വർധിച്ച് പകൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിലെ താപനില 32 നും 34 നും ഇടയിലായിരിക്കും. കടുത്ത ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളും പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.