വ്യാജ എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ നടപടി

By Web TeamFirst Published Jul 21, 2022, 5:45 PM IST
Highlights

ലൈസന്‍സിന്റെ ഗ്രേഡ് വര്‍ദ്ധിപ്പിക്കാനായി അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഈ അപേക്ഷയില്‍ രേഖകള്‍ക്കൊപ്പം ഇരുവരുടെയും ബയോഡേറ്റയും ഉണ്ടായിരുന്നു. നേരത്തെ സമര്‍പ്പിച്ചിരുന്ന ബയോഡേറ്റ ഫയലില്‍ നിന്നെടുത്ത് ഉദ്യോഗസ്ഥര്‍ താരതമ്യം ചെയ്‍ത് പരിശോധിച്ചപ്പോള്‍ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു. 

മനാമ: ബഹ്റൈനില്‍ വ്യാജ എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി ചെയ്യാനുള്ള ലൈസന്‍സ് സമ്പാദിച്ച രണ്ട് പേര്‍ക്കെതിരെ നടപടി. 38 വയസുകാരനായ സ്വദേശിക്കും 46 വയസുകാരനായ പ്രവാസിക്കുമെതിരെയാണ് ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങിയത്. കുറ്റാരോപിതനായ പ്രവാസി ഒളിവിലാണ്.

പ്രതികള്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്‍തെന്നും ലൈസന്‍സിങ് രേഖകള്‍ കൃത്രിമമായി നിര്‍മിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഒപ്പം ബഹ്റൈനില്‍ എഞ്ചിനീയര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ അംഗീകാരം നല്‍കുന്ന കൗണ്‍സിലില്‍ വ്യാജ രേഖകള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ച് ലൈസന്‍സ് നേടിയതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നടപടി നേരിടുന്ന സ്വദേശി 2007ലും പ്രവാസി 2014ലുമാണ് എഞ്ചിനീയറിങ് ലൈസന്‍സിന് വേണ്ടി അപേക്ഷ നല്‍കിയത്. പാകിസ്ഥാനിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് സമ്പാദിച്ച എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു സമര്‍പ്പിച്ചിരുന്നത്. അപേക്ഷ പരിഗണിച്ച് ഇരുവര്‍ക്കും ലൈസന്‍സ് അനുവദിക്കുകയും ചെയ്തു.

Read also: മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി തീർത്ഥാടക മരിച്ചു

എന്നാല്‍ 2019ല്‍ ലൈസന്‍സിന്റെ ഗ്രേഡ് വര്‍ദ്ധിപ്പിക്കാനായി അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഈ അപേക്ഷയില്‍ രേഖകള്‍ക്കൊപ്പം ഇരുവരുടെയും ബയോഡേറ്റയും ഉണ്ടായിരുന്നു. നേരത്തെ സമര്‍പ്പിച്ചിരുന്ന ബയോഡേറ്റ ഫയലില്‍ നിന്നെടുത്ത് ഉദ്യോഗസ്ഥര്‍ താരതമ്യം ചെയ്‍ത് പരിശോധിച്ചപ്പോള്‍ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു. ബിരുദം നേടിയ തീയ്യതി പോലുള്ള ചില വിവരങ്ങള്‍ രണ്ട് ബയോഡേറ്റകളിലും വ്യത്യസ്‍തമായിരുന്നു.

സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ രണ്ട് പേര്‍ക്ക് ബിരുദം നല്‍കിയതായി ഒരു രേഖയുമില്ലെന്ന് സര്‍വകലാശാല അറിയിച്ചു. പാകിസ്ഥാനിലെ ബഹ്റൈനി എംബസി വഴി നടത്തിയ അന്വേഷണത്തിലും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 

ബിരുദം നേടിയ ബഹ്റൈന്‍ സ്വദേശി, അക്കാലയളവില്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടേയില്ലെന്ന് പാസ്‍പോര്‍ട്ട് വകുപ്പും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ട്ടിഫിക്കറ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. സര്‍ട്ടിഫിക്കറ്റിലെ ചില ഒപ്പുകള്‍ ബഹ്റൈന്‍ സ്വദേശി തന്നെ ഇട്ടതാണെന്ന് കണ്ടെത്തുകയും ചെയ്‍തു. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. 

Read also:  പക്ഷാഘാതം ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന സാമൂഹിക പ്രവർത്തകൻ മരിച്ചു

click me!