
ദുബൈ: വിസാ നടപടികളില്‍ ഏറ്റവും വലിയ അഴിച്ചുപണിക്ക് അനുമതി നല്‍കി യുഎഇ. സ്‌പോണ്‍സര്‍ ഇല്ലാതെ അനുവദിക്കുന്ന വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് 60 ദിവസത്തേക്ക് താമസിക്കാനാകും. നിലവില്‍ ഇത് 30 ദിവസമാണ്. പുതിയ മാറ്റങ്ങള്‍ സെപ്തംബര്‍ മുതല്‍ നിലവില്‍ വരും.
മാതാപിതാക്കള്‍ക്ക് തങ്ങളുടെ ആണ്‍കുട്ടികളെ 18 വയസ്സ് മുതല്‍ 25 വയസ്സ് വരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും. ഇതുവഴി കുട്ടികള്‍ക്ക് അവരുടെ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷവും യുഎഇയില്‍ തുടരാനുള്ള അവസരമാണ് ലഭിക്കുക. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുള്ളവര്‍ നിശ്ചിതകാലം യുഎഇയില്‍ താമസിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. ആറ് മാസം കൂടുമ്പോള്‍ യുഎഇയിലെത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഒഴിവായി.
അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകളും യുഎഇ പ്രഖ്യാപിച്ചു. സ്‌പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം. യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള കാറ്റഗറികളിലുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക. ശമ്പളം ദിര്‍ഹത്തില്‍ കുറയരുത്. കുറഞ്ഞത് ബിരുദമോ തത്തുല്യമായതോ ആയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം.
തൊഴില്‍ വിസ
രാജ്യത്ത് ലഭ്യമാവുന്ന തൊഴില്‍ അവസരങ്ങളിലേക്ക് മികച്ച പ്രൊഫഷണലുകളെ എത്തിക്കാന്‍ ലക്ഷ്യമിട്ട് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസ എന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലെ ജോലികള്‍ ചെയ്യുന്നവര്‍ക്കും ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്കും ഈ വിസ ലഭിക്കും. ബിരുദമാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. ശമ്പളത്തില്‍ ഉള്‍പ്പെടെ മറ്റ് നിബന്ധനകളുമുണ്ട്.
ബിസിനസ് വിസ
നിക്ഷേപകരേയും സംരംഭകരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനായി നല്‍കുന്ന ഈ വിസയ്‍ക്ക് പ്രത്യേക സ്‍പോണ്‍സര്‍ ആവശ്യമില്ല. നിക്ഷേപകര്‍ക്ക് ബിസിനസ് വിസ നേടി യുഎഇയിലെത്തി നിക്ഷേപ അവസരങ്ങള്‍ തേടാം.
ടൂറിസ്റ്റ് വിസ
സാധാരണ ടൂറിസ്റ്റ് വിസകള്‍ക്ക് പുറമെ അഞ്ച് വര്‍ഷത്തേക്ക് കാലവധിയുള്ളതും പല തവണ രാജ്യത്തിന് പുറത്തുപോയി മടങ്ങി വരാവുന്നതുമായ വിസകള്‍ ഇനി ലഭ്യമാവും. തുടര്‍ച്ചയായി 90 ദിവസം വരെയായിരിക്കും രാജ്യത്ത് തങ്ങാനാവുന്നതെങ്കിലും ഒരു തവണ കൂടി ദീര്‍ഘിപ്പിക്കാം. വര്‍ഷത്തില്‍ പരമാവധി 180 ദിവസം മാത്രമേ യുഎഇയില്‍ താമസിക്കാവൂ എന്നാണ് നിബന്ധന. ഈ വിസയ്‍ക്ക് സ്‍പോണ്‍സര്‍ ആവശ്യമില്ല. എന്നാല്‍ വിസയ്‍ക്ക് അപേക്ഷിക്കുന്നതിന് ആറ് മാസം മുമ്പ് വരെയെങ്കിലും 4000 ഡോളറോ തതുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.
മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ
സാധാരണ ടൂറിസ്റ്റ് വിസക്ക് പുറമെ അഞ്ചു വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയും പുതിയതായി പ്രഖ്യാപിച്ചു. ഇതിനായി സ്‌പോണ്‍സറുടെ ആവശ്യമില്ല. ഈ വിസ വഴി എത്തുന്ന വ്യക്തികള്‍ക്ക് 90 ദിവസം രാജ്യത്ത് താമസിക്കാനുള്ള അവസരമാണ് ലഭിക്കുക. അത്രയും ദിവസം കൂടി വിസ പുതുക്കാനുമാകും. എന്നാല്‍ ഒരു വര്‍ഷം 180 ദിവസത്തില്‍ കൂടുതല്‍ തങ്ങരുത്. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ആറ് മാസമായി 4,000 ഡോളറിന് തുല്യമായ തുകയുണ്ടാകണം.
അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ; വിശദാംശങ്ങള്‍ ഇങ്ങനെ
ഗോള്‍ഡന്‍ വിസ: കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്‌പോണ്‍സര്‍ ചെയ്യാം
നിക്ഷേപകര്‍, സംരംഭകര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, പ്രൊഫഷണലുകള്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കുക. ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും പ്രായപരിധിയില്ലാതെ കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യാം. എത്ര വീട്ടുജോലിക്കാരെ വേണമെങ്കിലും ഇവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാം.
ശാസ്ത്രജ്ഞര്‍ക്ക് ഗോള്‍ഡന്‍ വിസ
എമിറേറ്റ്‌സ് സയന്റിസ്റ്റ്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം പരിഗണിച്ച്, കഴിവും തങ്ങളുടെ മേഖലകളില്‍ സ്വാധീനവുമുള്ള ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. അപേക്ഷകര്‍ക്ക് പിഎച്ച്ഡിയോ എഞ്ചിനീയറിങ്, ടെക്‌നോളജി, ലൈഫ് സയന്‍സസ്, നാച്ചുറല്‍ സയന്‍സസ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമോ ആവശ്യമാണ്. അപേക്ഷകര്‍ ഗവേഷണത്തില്‍ മികച്ച നേട്ടം കൈവരിച്ചവരുമാകണം.
വിദഗ്ധ തൊഴിലാളികള്‍ക്ക് ഗോള്‍ഡന്‍ വിസ
മെഡിസിന്‍, സയന്‍സസ്, എഞ്ചിനീയറിങ്, വിവരസാങ്കേതിക വിദ്യ, ബിസിനസ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, വിദ്യാഭ്യാസം, നിയമം, സാംസ്‌കാരികം, സാമൂഹിക ശാസ്ത്രം എന്നിവയില്‍ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള തൊഴിലാളികളെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് വിദഗ്ധ തൊഴിലാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാറും യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്നോ രണ്ടോ കാറ്റഗറികളിലുള്ള തൊഴിലുകള്‍ ചെയ്യുന്ന അപേക്ഷകര്‍ക്കുമാണ് വിസയ്ക്ക് അര്‍ഹത. കുറഞ്ഞത് ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടാവണം. 30,000 ദിര്‍ഹത്തില്‍ കുറയാത്ത പ്രതിമാസ ശമ്പളവും വേണം.
പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ
സുപ്രധാന മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് ഈ വിസയ്ക്ക് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയോ ജോലിയോ ശമ്പളമോ കണക്കിലെടുക്കാതെ, പ്രതിഭ മാത്രം മുന്‍നിര്‍ത്തിയാണ് വിസ നല്‍കുക.
ഫെഡറല്‍ അല്ലെങ്കില്‍ ലോക്കല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. സാംസ്‌കാരികം, കല, കായികം, ഡിജിറ്റല്‍ ടെക്‌നോളജി, എന്നീ രംഗങ്ങളിലടക്കം മികവ് തെളിയിച്ചവര്‍ക്കാണ് അപേക്ഷയ്ക്ക് യോഗ്യത.
റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ
20 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത വിലയുള്ള സ്ഥലം വാങ്ങുന്ന റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസയക്ക് അര്‍ഹതയുണ്ട്.
സംരംഭകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ
സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസസ് കാറ്റഗറിയില്‍പ്പെടുന്ന, വാര്‍ഷിക വരുമാനം 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാതെ ലഭിക്കുന്ന രാജ്യത്തെ ഏതെങ്കിലും സ്റ്റാര്‍ട്ടപ്പുകളിലെ സംരംഭകര്‍ക്കോ പാര്‍ട്ണര്‍മാര്‍ക്കോ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗോള്‍ഡന്‍ വിസ
യുഎഇയിലെ സെക്കന്‍ഡറി സ്‌കൂളുകളിലെ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍, യുഎഇയിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നോ ലോകത്തിലെ 100 യൂണിവേഴ്‌സിറ്റികളില്‍ നിന്നോ മികവ് പുലര്‍ത്തിയ ബിരുദധാരികള്‍ എന്നിവര്‍ക്ക് അവരുടെ അക്കാദമിക് മികവ്, ബിരുദം ലഭിച്ച വര്‍ഷം, യൂണിവേഴ്‌സിറ്റി എന്നിവ പരിഗണിച്ചാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam