പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്കയോടെ അറബ് രാജ്യങ്ങളും; യുഎഇ പ്രസിഡന്റും ഖത്തർ അമീറും ചർച്ച നടത്തി

By Web TeamFirst Published Apr 15, 2024, 12:48 AM IST
Highlights

ചർച്ച നടത്തിയ വിവരം യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

അബുദാബി: ഇസ്രയേലിനും ഇറാനുമിടയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ചർച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര നേതാക്കളുടെയും ആശയവിനിമയം. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള സംഘ‍ർഷ സാഹചര്യം ഇരു രാഷ്ട്ര നേതാക്കളും അവലോകനം ചെയ്തതായാണ് റിപ്പോർട്ട്.

ചർച്ച നടത്തിയ വിവരം യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്ധ്യപൂർവ ദേശത്തെ സാഹചര്യങ്ങളും ഗാസയിലെ മാനുഷിക പ്രതിസന്ധിയും ചർച്ചയായെന്നും ഇരു രാജ്യങ്ങൾക്കും താത്പര്യമുള്ള പ്രാദേശിക അന്തർദേശീയ വിഷയങ്ങൾ നേതാക്കൾ അവലോകനം ചെയ്തുവെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസി പറയുന്നു. 

അതേസമയം ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടൽ തുടങ്ങി. ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ, ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ വ്യക്തമാക്കി.

മലയാളി ജീവനക്കാരുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന്  കത്തയച്ചിരുന്നു. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനാണ് കത്തയച്ചത്. ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ വേണമെന്നും കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!