യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

By Web TeamFirst Published Dec 8, 2021, 7:22 PM IST
Highlights

ദുബൈ അല്‍ വര്‍ഖ സിറ്റി മാളില്‍ വെച്ച് യൂണിയന്‍കോപിന് വേണ്ടി ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകിയും കൊട്ടോപിയ ഫോര്‍ സേഷ്യല്‍ റെസ്‍പോണ്‍സിബിലിറ്റി സിഇഒ യൂസിഫ് അല്‍ ഒബൈദ്‍ലിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി കൊട്ടോപിയ ഫോര്‍ സോഷ്യല്‍ റെസ്‍പോള്‍സിബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇതനുസരിച്ച് 'യുവര്‍ ബ്രേക്ക്ഫാസ്റ്റ് ദെയര്‍ സുഹൂര്‍ - 4' പദ്ധതിക്ക് സഹായവും ധാര്‍മിക പിന്തുണയും യൂണിയന്‍കോപ് നല്‍കും. തുടക്കം മുതല്‍ തന്നെ യൂണിയന്‍കോപിന്റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന സാമൂഹിക പദ്ധതികളിലൊന്നാണിത്. 

ദുബൈ അല്‍ വര്‍ഖ സിറ്റി മാളില്‍ വെച്ച് യൂണിയന്‍കോപിന് വേണ്ടി ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകിയും കൊട്ടോപിയ ഫോര്‍ സേഷ്യല്‍ റെസ്‍പോണ്‍സിബിലിറ്റി സിഇഒ യൂസിഫ് അല്‍ ഒബൈദ്‍ലിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ധാരണാപത്രം അനുസരിച്ച് 'യുവര്‍ ബ്രേക്ക്ഫാസ്റ്റ് ദെയര്‍ സുഹൂര്‍ - 4' പദ്ധതിയുടെ സ്‍പോണ്‍സര്‍ഷിപ്പ് വഴി യൂണിയന്‍കോപ് കൊട്ടോപിയക്ക് സാധനങ്ങളും ധാര്‍മിക പിന്തുണയും നല്‍കും. സമൂഹത്തില്‍ അനുകമ്പ കാത്തുസൂക്ഷിക്കുന്ന സംസ്‍കാരം വ്യാപിപ്പിക്കുവാനും ഭക്ഷണത്തിലെ അമിതവ്യയം ഒഴിവാക്കാനും പാഴായിപ്പോകുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്‍ക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇതിന് പുറമെ ധാരണാപത്രത്തില്‍ ഉള്‍പ്പെട്ട മറ്റ് വ്യവസ്ഥകളിലൂടെ പദ്ധതിയുടെ നടത്തിപ്പും അതില്‍ നിന്നുള്ള പൂര്‍ണമായ പ്രയോജനവും ഉറപ്പാക്കുകയും ചെയ്യും.

രാജ്യത്തെ എല്ലാ പ്രമുഖ സാമൂഹിക പ്രവര്‍ത്തന സംഘടനകളുമായും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ധാരണാപത്രവുമെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്‍ചവെയ്‍ക്കുന്ന സംഘടനയെന്ന നിലയില്‍ കൊട്ടോപിയയുടെ ലക്ഷ്യങ്ങളെയും അതിന്റെ  കീഴില്‍ നടക്കുന്ന 'യുവര്‍ ബ്രേക്ക്ഫാസ്റ്റ് ദെയര്‍ സുഹൂര്‍ - 4' പദ്ധതിയെയും പിന്തുണയ്‍ക്കാന്‍ സാധിക്കുകയെന്നത് യൂണിയന്‍കോപിന്റെ ദര്‍ശനങ്ങളുടെ ഭാഗമാണ്. ഒപ്പം സാമൂഹിക പ്രവര്‍ത്തനം രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രാവര്‍ത്തികമാക്കേണ്ടതാണെന്ന രാഷ്‍ട്രനേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതവുമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ അനുകമ്പ കാത്തുസൂക്ഷിക്കുന്ന സംസ്‍കാരം വ്യാപിക്കുന്നതിനായി യുവാക്കള്‍ക്കായി നൂതന മാതൃകയിലൂടെയുള്ള പ്രവര്‍ത്തനമാണ് ഈ പദ്ധതിയെന്ന് യൂസിഫ് അല്‍ ഒബൈദ്‍ലി പറഞ്ഞു. ഗാര്‍ഹിക സമ്പദ്‍വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ചും ഭക്ഷണം പാഴാക്കുന്നതിലൂടെ അതിനുണ്ടാകുന്ന ആഘാതത്തെക്കുറിച്ചും ഈ പദ്ധതി സമൂഹത്തിന് അവബോധം പകരും. ഒപ്പം ഭക്ഷണത്തിന്റെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂശ്യവശങ്ങളെക്കുറിച്ചും  അധികമുള്ള ഭക്ഷണം ഉന്നത നിലവാരത്തിലുള്ള ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടും ബന്ധപ്പെട്ട അധികൃതരുടെ മേല്‍നോട്ടത്തിലും മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ പഠിപ്പിക്കുകയാണ്. രാജ്യത്തെ സാമൂഹിക രംഗത്തുള്ള പ്രധാന ഉത്തരവാദിത്തം നിറവേറ്റുകയാണ് യൂണിയന്‍കോപും കൊട്ടോപിയയുടെ തമ്മിലുള്ള ഈ ധാരണാപത്രത്തിലൂടെയെന്നും അദ്ദേഹം പറഞ്ഞു.

click me!