Gulf News : ശമ്പളം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു

By Web TeamFirst Published Dec 8, 2021, 4:59 PM IST
Highlights

ശമ്പളം, ജോലി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ നിബന്ധനകള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ കുവൈത്ത് അധികൃതരുടെ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ (Kuwait driving licence) സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ (Expats) മാനദണ്ഡങ്ങള്‍ (Conditions) പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫാണ് ട്രാഫിക് വിഭാഗത്തിന് (Traffic Department) ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്ത് പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ഇവര്‍ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 

പ്രവാസികളുടെ ശമ്പളം, വിദ്യാഭ്യാസ യോഗ്യത, ശമ്പളം സംബന്ധിച്ച നിബന്ധനകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിശോധനയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 600 ദിനാര്‍ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള പൊതു നിബന്ധന. ശമ്പളം, ജോലി, വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള മാനദണ്ഡങ്ങള്‍ നിലവില്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന പ്രവാസികളുടെ ലൈസന്‍സ് റദ്ദാക്കും.

നേരത്തെ ശമ്പള നിബന്ധന പാലിച്ചിരുന്നവര്‍ പുതിയ ജോലിയിലേക്ക് മാറിയ ശേഷം ശമ്പളത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും അവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ഡ്രൈവര്‍മാരായി ജോലി ചെയ്‍തിരുന്നവര്‍ ജോലി മാറിയിട്ടുണ്ടെങ്കിലും ലൈസന്‍സ് നഷ്‍ടമാവും. മീഡിയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ ഉള്‍പ്പെടെ ശമ്പള നിബന്ധനയില്‍ ഇളവ് അനുവദിക്കപ്പെട്ടിരുന്നവര്‍ ആ ജോലിയില്‍ നിന്ന് മാറിയിട്ടുണ്ടെങ്കിലും ലൈസന്‍സ് റദ്ദാക്കുമെന്നാണ് അറിയിപ്പ്. ലൈസന്‍സ് പുതുക്കുമ്പോഴും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും പുതുക്കി നല്‍കുക. 

click me!