
സൂര്യനിൽനിന്ന് കൂടുതൽ കൂടുതൽ അകലേക്ക് നീങ്ങുന്നതിനിടെ കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ അന്തരീക്ഷം തണുത്തുറഞ്ഞ് ചുരുങ്ങുന്നതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പ്ലൂട്ടോ ദൂരെയുള്ള നക്ഷത്രങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുന്ന സമയത്ത് നടത്തിയ സൂക്ഷ്‍മ നിരീക്ഷണങ്ങളിലൂടെയാണ് അന്തരീക്ഷമർദ്ദം കുറയുന്നതിന്റെ സൂചനകൾ ഗവേഷകർ കണ്ടെത്തിയത്. പ്ലൂട്ടോയുടെ ഉപരിതല താപനില ഏകദേശം –382 ഡിഗ്രി ഫാരൻഹീറ്റ് അഥവാ –230 ഡിഗ്രി സെൽഷ്യസാണ്. മുകളിലെ അന്തരീക്ഷത്തിന് ഏകദേശം –333 ഡിഗ്രി ഫാരൻഹീറ്റ് അഥവാ –203 ഡിഗ്രി സെൽഷ്യസ് താപനിലയുണ്ട്. സൂര്യനിൽനിന്ന് കൂടുതൽ അകലേക്ക് നീങ്ങുന്നതോടെ പ്ലൂട്ടോ ഇനിയും തണുക്കും. ഇതോടെ നൈട്രജൻ സമൃദ്ധമായ അന്തരീക്ഷം ചുരുങ്ങി ഉപരിതലത്തിൽ മഞ്ഞായി അടിഞ്ഞുകൂടാൻ സാധ്യതയുണ്ട് എന്നും ഗവേഷകർ പറയുന്നു.
അരിസോണയിലെ പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അമാൻഡ സിക്കാഫൂസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തൽ നടത്തിയത്. പ്ലൂട്ടോയുടെ അന്തരീക്ഷമർദ്ദം അടുത്തിടെ കുറയാൻ തുടങ്ങിയതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നുവെന്ന് സംഘം വ്യക്തമാക്കി. സൂര്യനിൽനിന്ന് അകന്നുപോകുന്ന പ്ലൂട്ടോയുടെ ഇപ്പോഴത്തെ അവസ്ഥ അന്തരീക്ഷത്തിന്റെ ഭാവിയെക്കുറിച്ച് പഠിക്കാൻ ഏറെ പ്രധാനപ്പെട്ട കാലഘട്ടമാണെന്നും ഗവേഷകർ പറയുന്നു. പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ ഈ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിലെ കണ്ടെത്തലുകൾ പ്ലാനറ്ററി സയൻസ് ജേണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്ലൂട്ടോയുടെ ഭ്രമണപഥം സാധാരണ ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്‍തമാണ്. വളരെ ദീർഘവൃത്താകൃതിയിലുള്ളതും സൗരയൂഥത്തിന്റെ പ്രധാന ഭ്രമണതലവുമായി വലിയ ചരിവുള്ളതുമാണ് പ്ലൂട്ടോയുടെ ഭ്രമണപഥം. 1989ൽ സൂര്യനോട് ഏറ്റവും അടുത്തെത്തിയ സമയത്ത് പ്ലൂട്ടോ, നെപ്റ്റ്യൂണിനേക്കാൾ സൂര്യനോട് അടുത്തായിരുന്നു. എന്നാൽ അതിനുശേഷം പ്ലൂട്ടോ തുടർച്ചയായി സൂര്യനിൽനിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. 248 വർഷം ദൈർഘ്യമുള്ള ഭ്രമണപഥമാണ് പ്ലൂട്ടോയ്ക്കുള്ളത്. 1930ൽ കണ്ടെത്തിയ പ്ലൂട്ടോ ഇതുവരെ ഒരു പൂർണ ഭ്രമണം പോലും പൂർത്തിയാക്കിയിട്ടില്ല. 2114ൽ സൂര്യനിൽനിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്ത് പ്ലൂട്ടോ എത്തും. അന്ന് സൂര്യനിൽനിന്നും ഏകദേശം 49 7.3 ബില്യൺ കിലോമീറ്റർ അകലെയായിരിക്കും പ്ലൂട്ടോ.
2015ൽ നാസയുടെ ന്യൂ ഹൊറൈസൺസ് ദൗത്യം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി കടന്നുപോയപ്പോൾ അവിടുത്തെ അന്തരീക്ഷമർദ്ദം 10 മൈക്രോബാർ മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയുടെ അന്തരീക്ഷമർദ്ദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ അളവാണ്. പ്രധാനമായും നൈട്രജൻ അടങ്ങിയതാണ് പ്ലൂട്ടോയുടെ അന്തരീക്ഷം. മീഥെയ്ൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ ജൈവ തന്മാത്രകളിൽനിന്നുള്ള മൂടൽമഞ്ഞ് കണങ്ങളും അന്തരീക്ഷത്തിലുണ്ട്. ന്യൂ ഹൊറൈസൺസ് ഇപ്പോൾ പ്ലൂട്ടോ കടന്ന് കൈപ്പർ ബെൽറ്റിലേക്ക് നീങ്ങിയതിനാൽ പ്ലൂട്ടോയുടെ അന്തരീക്ഷം നേരിട്ട് പഠിക്കുക ബുദ്ധിമുട്ടാണ്. അതിനാൽ ഭൂമിയിൽനിന്നുള്ള പരോക്ഷ നിരീക്ഷണങ്ങളെയാണ് ശാസ്ത്രജ്ഞർ ആശ്രയിക്കുന്നത്.
പ്ലൂട്ടോ ചിലപ്പോൾ ഭൂമിയിൽനിന്ന് കാണുന്ന ദൂരെയുള്ള നക്ഷത്രങ്ങൾക്ക് മുന്നിലൂടെ കടന്നുപോകാറുണ്ട്. ഇതിനെ നക്ഷത്ര മറയൽ എന്നാണ് വിളിക്കുന്നത്. അന്തരീക്ഷമില്ലാത്ത ഒരു വസ്തു നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ നക്ഷത്രത്തിന്റെ പ്രകാശം പെട്ടെന്ന് അപ്രത്യക്ഷമാകും. എന്നാൽ അന്തരീക്ഷമുള്ള പ്ലൂട്ടോയുടെ കാര്യത്തിൽ പ്രകാശം പെട്ടെന്ന് ഇല്ലാതാകില്ല. അന്തരീക്ഷം നക്ഷത്രപ്രകാശത്തെ ചിതറിക്കുകയും വളയ്ക്കുകയും ചെയ്യുന്നതിനാൽ പ്രകാശം ക്രമേണ മങ്ങിയാണ് ഒടുവിൽ മറയുന്നത്. ഈ പ്രകാശമാറ്റം കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ പ്ലൂട്ടോയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിയും.
2017നും 2023നും ഇടയിൽ സിക്കാഫൂസിന്റെ നേതൃത്വത്തിലുള്ള സംഘം 10 നക്ഷത്ര മറയലുകൾ നിരീക്ഷിച്ചു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര മങ്ങിയ നക്ഷത്രങ്ങളെയാണ് ഇതിനായി ഉപയോഗിച്ചത്. ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഭൂമിയിലെ എല്ലായിടത്തുനിന്നും നക്ഷത്ര മറയൽ കാണാനാകില്ല. ഏതാനും കിലോമീറ്റർ മാത്രം വീതിയുള്ള പ്രത്യേക പാതകളിലാണ് ഇവ ദൃശ്യമാകുന്നത്. പ്ലൂട്ടോയുടെ നിഴൽ ഭൂമിയിൽ പതിക്കുന്ന പാതയാണ് ഈ മേഖല. വിവിധ നിരീക്ഷകരെ ഈ പാതയുടെ വീതിയിൽ വിന്യസിച്ച് പ്ലൂട്ടോയുടെ അന്തരീക്ഷത്തിന്റെ വ്യാപ്‍തി കൃത്യമായി അളക്കാൻ കഴിയും.
പ്ലൂട്ടോയുടെ അന്തരീക്ഷം 2018 മുതൽ തണുത്തുറയാൻ തുടങ്ങിയെന്നായിരുന്നു നേരത്തെയുള്ള പഠനങ്ങളുടെ നിഗമനം. എന്നാൽ പുതിയ പഠനത്തിൽ 2015 മുതൽ 2021ന്റെ മധ്യഭാഗം വരെ അന്തരീക്ഷമർദ്ദത്തിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ 2021ന്റെ മധ്യഭാഗം മുതൽ 2023ൽ നടത്തിയ അവസാന നിരീക്ഷണം വരെയുള്ള കാലയളവിൽ പ്ലൂട്ടോയുടെ അന്തരീക്ഷമർദ്ദം 16 ശതമാനം കുറഞ്ഞതായി കണ്ടെത്തി. നക്ഷത്രത്തിന്റെ പ്രകാശം കാലക്രമത്തിൽ എങ്ങനെ മാറിയെന്നു കാണിക്കുന്ന പ്രകാശവക്രങ്ങളിൽനിന്നാണ് മർദ്ദത്തിലെ ഈ മാറ്റം കണ്ടെത്തിയത്. പ്ലൂട്ടോയുടെ മുകളിലെ അന്തരീക്ഷത്തിന്റെ ഘടനയിൽ വലിയ മാറ്റമില്ലെങ്കിലും താഴത്തെ അന്തരീക്ഷത്തിൽ മാറ്റമുണ്ടായതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
അന്തരീക്ഷമർദ്ദം കുറയുന്നതോടെ പ്ലൂട്ടോയിലെ മൂടൽമഞ്ഞ് കണങ്ങൾ താഴ്ന്ന അക്ഷാംശങ്ങളിലേക്ക് അടിഞ്ഞുകൂടുന്നതാകാം സംഭവിക്കുന്നതെന്ന് ഗവേഷകർ കരുതുന്നു. എന്നാൽ പ്ലൂട്ടോ 2114ൽ സൂര്യനിൽനിന്ന് ഏറ്റവും അകലെയെത്തുമ്പോഴേക്കും അതിന്റെ അന്തരീക്ഷം പൂർണമായി ഉപരിതലത്തിൽ തണുത്തുറഞ്ഞ് ഇല്ലാതാകില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതിനുശേഷം പ്ലൂട്ടോ വീണ്ടും സൂര്യനിലേക്ക് നീങ്ങിത്തുടങ്ങും. സൂര്യനിൽനിന്നുള്ള ചൂട് ക്രമേണ വർധിക്കുന്നതോടെ ഉപരിതലത്തിലെ നൈട്രജൻ മഞ്ഞ് വീണ്ടും വാതകമായി മാറുകയും അന്തരീക്ഷം പതുക്കെ കട്ടിയാകുകയും ചെയ്യും എന്നും ഗവേഷകർ പറയുന്നു.