
തിരുവനന്തപുരം: സൗരയൂഥത്തില്‍ പ്രവേശിച്ച ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രമായ 3ഐ/അറ്റ്‌ലസ് (3I/ATLAS) ഇന്ന് (ഒക്‌ടോബര്‍ 29) ഭൂമിക്ക് ഏറ്റവും അടുത്തെത്തും. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്‌ടിക്കാതെ 3ഐ/അറ്റ്‌ലസ് ധൂമകേതു ഭൂമിക്ക് 170 ദശലക്ഷം മൈല്‍ (270 ദശലക്ഷം കിലോമീറ്റര്‍) അകലെക്കൂടെ കടന്നുപോകും എന്നാണ് നാസയിലെ ബഹിരാകാശ ശാസ്‌ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. സൂര്യന് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 210 ദശലക്ഷം കിലോമീറ്റര്‍ അകലമുണ്ടാകും 3ഐ/അറ്റ്‌ലസ് ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തിന്. ചൊവ്വയുടെ ഭ്രമണപഥത്തോട് ചേര്‍ന്ന് വിദൂരത്ത് കൂടെയാവും 3ഐ/അറ്റ്‌ലസിന്‍റെ യാത്ര എന്നതിനാല്‍ ഭൂമിയില്‍ നിന്ന് അതിനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവില്ല.
സൗരയൂഥത്തിലേക്ക് പ്രവേശിച്ചതായി ശാസ്ത്രലോകം തിരിച്ചറിഞ്ഞ മൂന്നാമത്തെ മാത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ വസ്‌തുവാണ് 3ഐ/അറ്റ്‌ലസ് വാല്‍നക്ഷത്രം. 2025 ജൂലൈ ഒന്നിന് ചിലിയിലെ Asteroid Terrestrial-impact Last Alert System അഥവാ അറ്റ്‌ലസ് ദൂരദര്‍ശിനിയാണ് 3ഐ/അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. മണിക്കൂറില്‍ 220,000 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഇതിന്‍റെ സഞ്ചാരം. സ്ഥിരീകരിച്ച അന്ന് മുതല്‍ 3ഐ/അറ്റ്‌ലസിനെ പിന്തുടരുകയാണ് നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ഉള്‍പ്പടെയുള്ളവ. കോടിക്കണക്കിന് വര്‍ഷങ്ങള്‍ സഞ്ചരിച്ചാണ് 3ഐ/അറ്റ്‌ലസ് വാല്‍നക്ഷത്രം നമ്മുടെ സൗരയൂഥത്തില്‍ എത്തിയത് എന്ന് കണക്കാക്കുന്നു. ഐസ്, പാറ, പൊടി എന്നിവയുടെ ഒരു ഖര ന്യൂക്ലിയസ് കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് 3ഐ/അറ്റ്‌ലസ് വാൽനക്ഷത്രം എന്നാണ് അനുമാനം. മനുഷ്യന്‍ ഇതുവരെ നിരീക്ഷിച്ചതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന വാൽനക്ഷത്രമാണിതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരുപക്ഷേ സൗരയൂഥത്തേക്കാൾ മൂന്ന് ബില്യൺ വർഷം പഴക്കമുള്ളതാകാം 3ഐ/അറ്റ്‌ലസ് ഇന്‍റര്‍സ്റ്റെല്ലാര്‍ വാൽനക്ഷത്രം എന്നാണ് ഗവേഷകർ കരുതുന്നത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ഇഎസ്എ) എക്‌സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്ററും (TGO), മാര്‍സ് എക്‌സ്‌പ്രസ് സ്പേസ്‌ക്രാഫ്റ്റും 3ഐ/അറ്റ്‌ലസ് ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തെ പകര്‍ത്തിയിരുന്നു. 2025 ഡിസംബർ ആദ്യത്തോടെ 3ഐ/അറ്റ്‌ലസ് ധൂമകേതു സൂര്യന്‍റെ മറുവശത്ത് വീണ്ടും ദൃശ്യമാകുമെന്നും ഗവേഷകർ പറയുന്നു.