
നമ്മുടെ സൗരയൂഥത്തിന് നാല് ബില്യൺ വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. വലിപ്പത്തില്‍ വ്യത്യാസമുണ്ടെങ്കിലും അതിലെ ഗ്രഹങ്ങൾക്കും തുല്യമായ പഴക്കമുണ്ട്. മഹാവിസ്ഫോടനത്തിനുശേഷം രൂപം കൊണ്ട ഗ്രഹങ്ങളാണിവ. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. നമ്മുടെ ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചും, ഒരിക്കല്‍ വ്യാഴം ഭൂമിയുടെ രക്ഷകനായതിനെക്കുറിച്ചുമുള്ള അമ്പരപ്പിക്കുന്ന വിവരങ്ങൾ ഇപ്പോള്‍ പുതിയ പഠനം വെളിപ്പെടുത്തുന്നു. ഭൂമിയുടെ രൂപീകരണത്തിൽ വ്യാഴം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും വ്യാഴം ഇല്ലായിരുന്നുവെങ്കിൽ വളരെ മുമ്പുതന്നെ സൂര്യൻ ഭൂമിയെ വിഴുങ്ങുമായിരുന്നു എന്നുമാണ് ഈ പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഹ്യൂസ്റ്റണിലെ റൈസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് സ്പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
ഭൂമി ഇന്നത്തെ രൂപത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ഭൂമിയുടെ സൃഷ്‌ടിയില്‍ വ്യാഴം വലിയ സ്വാധീനം ചൊലുത്തിയിരുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. വ്യാഴത്തിന്‍റെ ആദ്യകാലത്തെ ദ്രുതഗതിയിലുള്ള വളർച്ച സൂര്യനിലേക്ക് ഒഴുകുന്ന വാതകത്തിന്‍റെയും പൊടിയുടെയും പാതയെ തടഞ്ഞു എന്ന് ഈ പഠനം വിശദീകരിക്കുന്നു. ഭൂമി, ശുക്രൻ, ചൊവ്വ എന്നിവയെ രൂപപ്പെടുത്തിയ വസ്‌തുക്കൾ സൂര്യനിലേക്ക് ഏറെ ആകർഷിക്കപ്പെടുന്നത് വ്യാഴം തടഞ്ഞു. വ്യാഴത്തിന്‍റെ ഈ ഗുരുത്വാകർഷണം ആന്തരിക ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ സ്ഥിരപ്പെടുത്തുക മാത്രമല്ല വളയങ്ങളും വിടവുകളും സൃഷ്‌ടിച്ച് നമ്മുടെ സൗരയൂഥത്തിന്‍റെ ഘടന രൂപപ്പെടുത്തുകയും ചെയ്‌തു എന്നാണ് ഗവേഷകരുടെ നിഗമനം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം എന്നതിനപ്പുറം വ്യാഴത്തിന്‍റെ പ്രധാന്യം എടുത്തുകാണിക്കുകയാണ് ഈ പഠനം.
ഹ്യൂസ്റ്റണിലെ റൈസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. വ്യാഴത്തിന്‍റെ ദ്രുതഗതിയിലുള്ള വികാസം സൂര്യനെ ചുറ്റിപ്പറ്റിയുള്ള വാതകങ്ങളുടെയും പൊടിയുടെയും ഡിസ്‍കിനെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കാൻ ശാസ്ത്രജ്ഞർ കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചു. വ്യാഴത്തിന്‍റെ വലിപ്പവും പിണ്ഡവും വർധിക്കുന്നതിനനുസരിച്ച്, അതിന്‍റെ വാതകത്തിന്‍റെയും പൊടിയുടെയും ഡിസ്‍കിൽ ഒരു വലിയ വിടവ് സൃഷ്‍ടിക്കപ്പെട്ടുവെന്ന് പഠനം തെളിയിച്ചു. വ്യാഴം ഏറ്റവും വലിയ ഗ്രഹമായി മാറുക മാത്രമല്ല, മുഴുവൻ ആന്തരിക സൗരയൂഥത്തിന്‍റെയും ഘടന നിർണ്ണയിക്കുകയും ചെയ്‌തു എന്ന് റൈസ് യൂണിവേഴ്‌സിറ്റിയിലെ ഭൂമി, പരിസ്ഥിതി, ഗ്രഹ ശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ആൻഡ്രെ ഇസിഡോറോ പറഞ്ഞു. വ്യാഴം ഇല്ലായിരുന്നെങ്കിൽ ഭൂമി നമുക്കറിയാവുന്നതുപോലെ ആയിരിക്കില്ലായിരുന്നു എന്നും ആൻഡ്രെ ഇസിഡോറോ കൂട്ടിച്ചേര്‍ത്തു.