സഹാറ മരുഭൂമിയിൽ നിന്നും വംശനാശം സംഭവിച്ച ഭീമൻ ദിനോസറുകളിൽ പുതിയ ഒരിനത്തെക്കൂടി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഏകദേശം 10 കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഈ ജീവികളുടെ സവിശേഷതകൾ ശാസ്ത്രലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നതാണ്.
സഹാറ മരുഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള പുതിയ ഇനം ദിനോസറിന്റെ ഫോസിൽ ഗവേഷകർ കണ്ടെത്തി. മത്സ്യങ്ങളെ ആഹാരമാക്കുന്ന ഈ ഭീമൻ ജീവിക്ക് 'സ്പൈനോസോറസ് മിറാബിലിസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
ആഫ്രിക്കൻ രാജ്യമായ നൈജറിലെ സഹാറ മരുഭൂമിയിൽ നിന്നാണ് ഈ സുപ്രധാന കണ്ടെത്തൽ ഉണ്ടായത്. ചിക്കാഗോ സർവ്വകലാശാലയിലെ പ്രൊഫസർ പോൾ സെറെനോയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘമാണ് ഈ പുതിയ ഇനം ദിനോസറിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ നൂറു വർഷത്തിനിടെ കണ്ടെത്തപ്പെടുന്ന ആദ്യത്തെ പുതിയ 'സ്പൈനോസോറിഡ്' വർഗ്ഗമാണിത്.
തലയിലൊരു വാല്; പേര് സ്പൈനോസോറസ് മിറാബിലിസ്
കണ്ടെത്തിയ പുതിയ ഇനത്തിന് 'സ്പൈനോസോറസ് മിറാബിലിസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഡ്രാഗണുകളെ അനുസ്മരിപ്പിക്കുന്ന നീളമുള്ള മുഖവും തലയിൽ വാലിന്റെ ആകൃതിയിൽ കാണപ്പെടുന്ന പ്രത്യേക തരം കൊമ്പുമാണ് ഇതിനെ മറ്റ് ദിനോസറുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ കൊമ്പിന് ഏകദേശം 50 സെന്റിമീറ്ററോളം ഉയരമുണ്ട്.
മീൻപിടുത്തത്തിൽ അസാമാന്യ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ജീവികളായിരുന്നു ഇവയെന്നാണ് ഗവേഷകരുടെ നിഗമനം. വായയിൽ കൊളുത്തുപോലെയുള്ള പല്ലുകളും മുതുകത്ത് കപ്പൽപായ പോലെ വലിയൊരു ഭാഗവും ഇവയ്ക്കുണ്ടായിരുന്നു. വെള്ളത്തിനടിയിലുള്ള ഇരകളെ പിടികൂടാൻ സഹായിക്കുന്ന തരത്തിലായിരുന്നു ഇവയുടെ ശരീരഘടന. ഏകദേശം 9.5 കോടി വർഷങ്ങൾക്കും 10 കോടി വർഷങ്ങൾക്കും ഇടയിലുള്ള കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
ഭീമാകാരമായ വലിപ്പം
ഇറച്ചിതീറ്റക്കാരായ ദിനോസറുകളിൽ വലിപ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലായിരുന്നു ഇവയെന്ന് ഗവേഷകർ പറയുന്നു. ഏകദേശം 12 മീറ്റർ (40 അടി) നീളം ഇവയ്ക്കുണ്ട്. അതായത് ഏകദേശം ഒരു ബസ്സിന്റെ അത്രയും നീളം. ഒരു വലിയ ആഫ്രിക്കൻ ആനയുടേതിന് സമാനമായി 5 മുതൽ 7 ടൺ വരെയായിരുന്നു ഇവയുടെ ഭാരമെന്നാണ് ഗവേഷകർ പറയുന്നത്.
ആവാസവ്യവസ്ഥയും ഭക്ഷണരീതിയും
ഏകദേശം 9.5 കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഇവ, കരയിലും വെള്ളത്തിലും ഒരുപോലെ ആധിപത്യം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കടൽതീരത്ത് നിന്നും ഏകദേശം 620 മൈൽ ഉള്ളിലായി നദികൾ നിറഞ്ഞ വനപ്രദേശങ്ങളിലായിരുന്നു ഇവയുടെ താമസമെന്നാണ് ഗവേഷകരുടെ വാദം. ആധുനിക കാലത്തെ ഹെറോൺ അഥാവ കൊക്ക് പക്ഷികളെപ്പോലെ വെള്ളത്തിൽ ഇറങ്ങിനിന്ന് മീനുകളെ പിടിക്കുകയായിരുന്നു ഇവയുടെ രീതി. രണ്ട് മീറ്ററോളം ആഴമുള്ള വെള്ളത്തിൽ തന്റെ ഉറച്ച കാലുകളുമായി ഇവയ്ക്ക് അനായാസം ഇറങ്ങിച്ചെന്ന് മീനുകളെ പിടിക്കാൻ കഴിഞ്ഞിരുന്നുവെന്ന് പ്രൊഫസർ പോൾ സെറെനോ വ്യക്തമാക്കുന്നു. ദിനോസറുകളുടെ പരിണാമത്തെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചുമുള്ള പുതിയ അറിവുകളിലേക്ക് വാതിൽ തുറക്കുന്നതാണ് സ്പൈനോസോറസ് മിറാബിലിസിന്റെ ഈ കണ്ടെത്തൽ.


