
പെൻസിൽവാനിയ: എല്ലാ സൂപ്പർഹീറോകൾക്കും അല്ലെങ്കിൽ ആന്‍റി-ഹീറോകൾക്കും ഒരു സഹായിയോ കൂട്ടാളിയോ ഉണ്ടാകും. നമ്മുടെ ആകാശത്തിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കും അത്തരം ചില കൂട്ടുകാരുണ്ട്. ഓറിയോൺ നക്ഷത്രസമൂഹത്തിൽ കാണപ്പെടുന്ന ചുവപ്പുഭീമന്‍ നക്ഷത്രമായ ബീറ്റല്‍ജ്യൂസ് (തിരുവാതിര) കാലങ്ങളായി നക്ഷത്രനിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാണ്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നാണ് ബീറ്റല്‍ജ്യൂസ് (Betelgeuse). ഇടയ്ക്കിടെ മങ്ങുന്നത് കാരണം ബീറ്റല്‍ജ്യൂസിന് ഒരു കൂട്ടാളി കൂടി ഉണ്ടെന്ന് വളരെക്കാലമായി ശാസ്ത്രജ്ഞർ സംശയിച്ചിരുന്നു. എന്നാൽ ആരും അതിനെ കണ്ടെത്തിയിരുന്നില്ല. ബീറ്റല്‍ജ്യൂസിന് അത്ഭുതപ്പെടുത്തുന്ന ഒരു കൂട്ടുകാരൻ ഉണ്ടെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. കാർണഗീ മെലൺ യൂണിവേഴ്‌സിറ്റി (സിഎംയു) ഗവേഷകരാണ് ബീറ്റല്‍ജ്യൂസിന്‍റെ 'ബീറ്റൽബഡ്ഡിയെ' (Betelbuddy) കണ്ടെത്തിയത്.
ഹവായിയിലെ ജെമിനി നോർത്ത് ടെലിസ്കോപ്പ് ബീറ്റല്‍ജ്യൂസിന്‍റെ കൂട്ടാളിയെന്നു കരുതുന്ന ഒരു നക്ഷത്രത്തിന്‍റെ മങ്ങിയ ദൃശ്യങ്ങൾ നേരത്തെ പകർത്തിയിരുന്നു. പക്ഷേ ഇതൊരു വെളുത്ത കുള്ളൻ അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാർണഗീ മെലൺ യൂണിവേഴ്‌സിറ്റി (സിഎംയു) ഗവേഷകർ നാസയുടെ ചന്ദ്ര എക്‌സ്-റേ ഒബ്‌സർവേറ്ററിയും ഹബിൾ ബഹിരാകാശ ദൂരദർശിനിയും ഉപയോഗിച്ച് ബീറ്റല്‍ജ്യൂസിനെ കൂടുതൽ വിശദമായി പരിശോധിച്ചു. ഈ പഠനമാണ് ബീറ്റല്‍ജ്യൂസിന്‍റെ കൂട്ടുകാരൻ യഥാർഥത്തിൽ നമ്മുടെ സൂര്യനെപ്പോലെ ഒരു യുവ നക്ഷത്രമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ദി ആസ്ട്രോഫിസിക്കൽ ജേണൽനേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, ബീറ്റല്‍ജ്യൂസ് ചുവപ്പുഭീമന്‍റെ ഭൂതകാലത്തിലേക്കും അതിന്‍റെ വിചിത്രമായ പെരുമാറ്റത്തിലേക്കും പുതിയ വെളിച്ചം വീശുന്നു.
ബീറ്റല്‍ജ്യൂസും ബീറ്റൽബഡ്ഡിയും തമ്മിലുള്ള വലുപ്പ അനുപാതം ബൈനറി നക്ഷത്രങ്ങളെക്കുറിച്ച് നമുക്കുള്ള ധാരണകളെ വെല്ലുവിളിക്കുന്നതാണ്. സാധാരണയായി, ബൈനറി നക്ഷത്രങ്ങൾക്ക് ഏതാണ്ട് സമാനമായ പിണ്ഡങ്ങളായിരിക്കും ഉണ്ടാകുക. ബീറ്റല്‍ജ്യൂസിന് നമ്മുടെ സൂര്യന്‍റെ പിണ്ഡത്തിന്‍റെ ഏതാണ്ട് 16 മുതൽ 17 മടങ്ങ് വരെ പിണ്ഡം കൂടുതലാണ്. അതേസമയം, ബീറ്റൽബഡ്ഡിക്ക് നമ്മുടെ സൂര്യന്‍റെ ഏകദേശം അതേ പിണ്ഡം ആണുള്ളത്. രണ്ടും തമ്മില്‍ ഇത്രയും വലിയ പിണ്ഡ വ്യത്യാസം വളരെ അപൂർവമാണ്. ബീറ്റല്‍ജ്യൂസ് ചുവപ്പുഭീമൻ അതിന്‍റെ അവസാന നാളുകളിലാണ്. അതായത് നക്ഷത്ര ജീവിതത്തിന്‍റെ അവസാന ഘട്ടത്തിലാണ്, എപ്പോൾ വേണമെങ്കിലും അതൊരു സൂപ്പർനോവയായി മാറാം. അതേസമയം, ബീറ്റൽബഡ്ഡി നിലവിലെ രൂപത്തില്‍ ആരംഭദശയിലാണ് എന്നാണ് ഗവേഷകരുടെ നിഗമനം.