
നമ്മൾ ഇത്രകാലവും കരുതിയത് കൗമാര കാലഘട്ടം നമ്മുടെ 20 വയസിനുള്ളിൽ അവസാനിക്കുന്നുവെന്നാണ്. എന്നാൽ പുതിയ ചില പഠനങ്ങൾ പറയുന്നത് കൗമാരം ഇരുപതുകളിൽ അവസാനിക്കുന്നില്ലെന്നും 32 വയസുവരെ നീണ്ടുനിൽക്കുന്നു എന്നുമാണ്. കേംബ്രിഡ്‍ജ് സർവകലാശാലയിലെ ന്യൂറോ സയന്‍റിസ്റ്റുകളുടെ ഗവേഷണം ആണ് ഈ അമ്പരപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പഠനം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണല്‍ പ്രസിദ്ധീകരിച്ചു.
ഒരു ശരാശരി മനുഷ്യജീവിതത്തിൽ മനുഷ്യ മസ്‍തിഷ്‍കം വികാസത്തിന്‍റെ അഞ്ച് വ്യത്യസ്‍ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അതേസമയം നമ്മൾ വളരുമ്പോഴും പക്വത പ്രാപിക്കുമ്പോഴും പ്രായമാകുമ്പോഴും തലച്ചോറിന്‍റെ വികാസത്തിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടാകുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നമ്മുടെ തലച്ചോറിനെ പ്രവർത്തിപ്പിക്കുന്ന ന്യൂറൽ കണക്ഷനുകളിലെ അടിസ്ഥാനപരമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന നാല് നാഴികക്കല്ലുകൾ തിരിച്ചറിയാൻ കേംബ്രിഡ്‍ജ് സർവകലാശാലയിലെ ന്യൂറോ സയന്‍റിസ്റ്റുകൾ പൂജ്യം മുതൽ 90 വയസ് വരെ പ്രായമുള്ള ഏകദേശം 4,000 പേരുടെ തലച്ചോറുകൾ സ്‍കാൻ ചെയ്‌തു. ഈ ഗവേഷണത്തിലെ ഏറ്റവും ആശ്ചര്യകരമായ കണ്ടെത്തലുകളിൽ ഒന്നാണ് 'കൗമാരം' എന്ന് വിളിക്കുന്ന കാലഘട്ടത്തെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. കൗമാരം ഏകദേശം ഒമ്പത് വയസിൽ ആരംഭിക്കുന്നു. എന്നാൽ ഇരുപതുകളിൽ എത്തുമ്പോൾ അവസാനിക്കുന്നില്ല. മറിച്ച് 30-കളുടെ തുടക്കത്തിൽ എത്തുന്നതുവരെ മറ്റൊരു ദശാബ്‍ദം കൂടി അധികം നീണ്ടുനിൽക്കും എന്നാണ് ഗവേഷകർ പറയുന്നത്.
നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം, പുതിയ വിവരങ്ങൾ ആഗിരണം ചെയ്യുമ്പോൾ നമ്മുടെ തലച്ചോർ നിരന്തരം പഠിക്കുകയും പൊരുത്തപ്പെടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. എങ്കിലും ഇത് വളർച്ചയുടെയും ഏകീകരണത്തിന്‍റെയും സുഗമമായ ഒരു യാത്രയല്ല, മറിച്ച് പ്രത്യേകിച്ച് ജീവിതത്തിന്‍റെ ആദ്യ പകുതിയിൽ പ്രവർത്തനങ്ങളുടെ കുത്തൊഴുക്കാൽ അടയാളപ്പെടുത്തിയ ഒന്നാണെന്നും ഗവേഷകർ പറയുന്നു. പഠനത്തിലൂടെ ഗവേഷകർ തിരിച്ചറിഞ്ഞ മനുഷ്യ ജീവിതത്തിലെ അഞ്ച് പ്രധാന ഘട്ടങ്ങളിൽ കുട്ടിക്കാലം- ജനനം മുതൽ ഒമ്പത് വയസ് വരെ, കൗമാരം- ഒൻപത് മുതൽ 32 വരെ, പ്രായപൂർത്തിയായവർ- 32 മുതൽ 66 വരെ, അകാല വാർദ്ധക്യം- 66 മുതൽ 83 വരെ, വൈകിയുള്ള വാർദ്ധക്യം- 83 വയസ് മുതൽ എന്നിവ ഉൾപ്പെടുന്നു. തലച്ചോറിലെ നാഡീ ബന്ധങ്ങളെ മാപ്പ് ചെയ്യുന്ന എംആർഐ ഡിഫ്യൂഷൻ സ്‍കാനുകളിൽ നിന്നും എടുത്ത ഡാറ്റാസെറ്റുകൾ ഉപയോഗിച്ചാണ് ഈ വ്യത്യസ്‍ത കാലഘട്ടങ്ങൾ കണ്ടെത്തിയത്.
"നമ്മുടെ വികാസത്തിന് തലച്ചോറിന്‍റെ വളർച്ച നിർണായകമാണെന്ന് നമുക്കറിയാം, പക്ഷേ അത് നമ്മുടെ ജീവിതത്തിലുടനീളം അതെങ്ങനെ മാറുന്നു, എന്തുകൊണ്ട് എന്നതിനെക്കുറിച്ചൊന്നും വലിയ ഒരു ചിത്രം ഇല്ല"- ഗവേഷണത്തിന് നേതൃത്വം നൽകിയ ഗേറ്റ്സ് കേംബ്രിഡ്‍ജ് ഗവേഷകനായ ഡോ. അലക്സാ മൗസ്ലി പറഞ്ഞു. നമ്മുടെ ജീവിതത്തിലെ വ്യത്യസ്‍ത ഘട്ടങ്ങളിൽ നമ്മുടെ മസ്‍തിഷ്‍കം ഏറ്റവും മികച്ചതോ കൂടുതൽ ദുർബലമോ ആയേക്കാവുന്ന കാര്യങ്ങൾക്ക് ഈ കാലഘട്ടങ്ങൾ ഒരു പ്രധാന സന്ദർഭം നൽകുന്നുവെന്നും അദേഹം പറഞ്ഞു. ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിൽ ചില തലച്ചോറുകൾ വ്യത്യസ്‍തമായി വികസിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ ഈ പഠനം സഹായിക്കുമെന്നും ഡോ. അലക്സാ മൗസ്ലി പറഞ്ഞു. കുട്ടിക്കാലത്തെ പഠന വൈകല്യങ്ങൾ, അല്ലെങ്കിൽ പിൽക്കാല വർഷങ്ങളിൽ സംഭവിച്ചേക്കാവുന്ന ഡിമെൻഷ്യ ഉൾപ്പെടെയുള്ളവ ഉദാഹരണങ്ങളായി ഡോ അലക്സാ മൗസ്ലി ചൂണ്ടിക്കാട്ടി.
ജനനം മുതൽ കുട്ടിക്കാലം മുതൽ ഒമ്പത് വയസ് വരെയുള്ള ആദ്യ യുഗത്തിൽ, നമ്മുടെ തലച്ചോറിനെ "നെറ്റ്‌വർക്ക് കൺസോളിഡേഷൻ" വഴി നിർവചിക്കുന്നുവെന്ന് ഗവേഷണം വെളിപ്പെടുത്തി. ഈ പ്രക്രിയയിൽ, ഒരു കുഞ്ഞിന്‍റെ തലച്ചോറിൽ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സിനാപ്‌സുകൾ അഥവാ ന്യൂറോണുകൾക്കിടയിലുള്ള കണക്‌ടറുകൾ ചുരുങ്ങുകയും കൂടുതൽ സജീവമായവ മാത്രം അതിജീവിക്കുകയും ചെയ്യുന്നു. ആദ്യ യുഗത്തിന്‍റെ അവസാനത്തോടെ, തലച്ചോറിന്‍റെ വൈജ്ഞാനിക ശേഷിയിൽ ഘട്ടം ഘട്ടമായുള്ള മാറ്റത്തിന് വിധേയമാകുന്നു. എന്നാൽ ഈ ഘട്ടത്തിനുശേഷം മാനസികാരോഗ്യ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും ഗവേഷണം കണ്ടെത്തി.
കൗമാരത്തിൽ, തലച്ചോറിന്‍റെ ആശയവിനിമയ ശൃംഖലകൾ കൂടുതൽ പരിഷ്‍കരിക്കപ്പെടുന്നതായി ബ്രെയിൻ സ്‍കാനുകൾ കാണിച്ചു. തലച്ചോറിന്‍റെ പ്രത്യേക മേഖലകളിലും മുഴുവൻ തലച്ചോറിൽ ഉടനീളവും വേഗതയേറിയതും സുഗമവുമായ ആശയവിനിമയം നടക്കുന്ന കാലഘട്ടമാണിത്. ഏകദേശം 32 വയസ് മുതൽ ആണ് ഏറ്റവും ദൈർഘ്യമേറിയ ഘട്ടം ആരംഭിക്കുന്നത്. അതായത് പ്രായപൂർത്തിയാകൽ ആരംഭിക്കുന്നു. ഈ ഘട്ടത്തിൽ മുൻ ഘട്ടങ്ങളെ അപേക്ഷിച്ച് തലച്ചോറിന്‍റെ ഘടന സ്ഥിരത കൈവരിക്കുന്നു. പിന്നെ അടുത്ത മുപ്പത് വർഷത്തേക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. എന്നാൽ കാലക്രമേണ തലച്ചോറിന്‍റെ ഭാഗങ്ങൾ തമ്മിൽ ബന്ധം കുറഞ്ഞുതുടങ്ങുകയും കൂടുതൽ കമ്പാർട്ടുമെന്‍റലൈസ് ചെയ്യപ്പെടുകയും ചെയ്യും.
അറുപതുകളുടെ മധ്യത്തിൽ മസ്‍തിഷ്‍ക ശൃംഖലകളുടെ ക്രമാനുഗതമായ പുനഃസംഘടന നടക്കുമെന്നും ഗവേഷണം പറയുന്നു. ഏകദേശം 83 വർഷം ആകുമ്പോൾ തലച്ചോറിന്‍റെ ഘടനയുടെ അന്തിമ യുഗം ആരംഭിക്കും. ഈ ഘട്ടത്തിൽ ഇന്‍റർ-റീജിയണൽ ബ്രെയിൻ കണക്റ്റിവിറ്റി കൂടുതൽ കുറയുമെന്നും ഗവേഷകർ പറയുന്നു.