
ജീവജാലങ്ങൾ ഒരിക്കൽ ജനിക്കും, ഒരിക്കൽ മരിക്കും. എന്നാൽ ചില നക്ഷത്രങ്ങൾ രണ്ടുതവണ മരിക്കുന്നു. കേട്ട് ഞെട്ടിയോ? എന്നാൽ ഇങ്ങനെയൊരു പ്രതിഭാസത്തിന്‍റെ ആദ്യ തെളിവ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇരട്ട സ്ഫോടനത്തിന് വിധേയമായ ഒരു 'ഡെഡ് സ്റ്റാറിന്‍റെ' ചിത്രം ഒരു ദൂരദർശിനി പകർത്തുന്നത് ആദ്യമായാണ്.
യൂറോപ്യൻ സതേൺ ഒബ്‍സർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് (VLT) അതിലെ മൾട്ടി യൂണിറ്റ് സ്പെക്ട്രോസ്കോപ്പിക് എക്സ്പ്ലോറർ (MUSE) ഉപകരണം ഉപയോഗിച്ചാണ് ഈ ചിത്രം പകർത്തിയത്. ഡൊറാഡോ നക്ഷത്രസമൂഹത്തിൽ 60,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൂപ്പർനോവ SNR 0509-67.5-ന്‍റെ നൂറ്റാണ്ടുകൾ പഴക്കമുള്ള അവശിഷ്‍ടങ്ങൾ സൂം ചെയ്തപ്പോഴാണ് ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തിന് ഇത്തരമൊരു ചിത്രം ലഭിച്ചത്. ഈ ചിത്രങ്ങൾ സ്ഫോടനാത്മകമായ അവശിഷ്‍ടങ്ങൾക്കുള്ളിലെ ഘടനകൾ വെളിപ്പെടുത്തി. ഈ നക്ഷത്രം ഒരു തവണയല്ല, രണ്ടുതവണ പൊട്ടിത്തെറിച്ചതായി ഇത് സൂചിപ്പിക്കുന്നു.
ഒരു നക്ഷത്രത്തിന്‍റെ സ്ഫോടനവും അതുവഴി ഒരു നക്ഷത്രത്തിന് സംഭവിക്കുന്ന 'മരണവും' ആണ് സൂപ്പർനോവ. സൂര്യന്‍റെ എട്ടിരട്ടിയിൽ കൂടുതൽ പിണ്ഡമുള്ള ഒരു നക്ഷത്രത്തിന്‍റെ ആണവ ഇന്ധനം കത്തിത്തീരുക്കുകയും കാമ്പ് തകരാൻ കാരണമാവുകയും ചെയ്യും. അതുവഴി ശക്തമായ ഒരു സ്ഫോടനം ഉണ്ടാകുകയും ചെയ്യുന്നതാണ് സാധാരണയായി സൂപ്പർനോവ. ഒരു നക്ഷത്രം സൂപ്പർനോവ ആകാൻ, അതായത് പൊട്ടിത്തെറിച്ച് കാമ്പ് തകരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പിണ്ഡമാണ് ചന്ദ്രശേഖർ പരിധി.
അപൂർവമായ സൂപ്പർനോവയിൽ വ്യത്യസ്‍ത തരം നക്ഷത്രങ്ങൾ ഉൾപ്പെടുന്നു. അവ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു. ചിലിയിലെ യൂറോപ്യൻ സതേൺ ഒബ്‍സർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഇപ്പോൾ ഗവേഷകർക്ക് ആദ്യമായി ഇത്തരത്തിലുള്ള സൂപ്പർനോവയുടെ ഫോട്ടോഗ്രാഫിക് തെളിവുകൾ ലഭിച്ചിരിക്കുന്നത്. ഇരട്ട സ്ഫോടനം നടന്നതും ചിത്രം പകർത്തപ്പെട്ടതുമായ ഈ നക്ഷത്രം ഒരു വെള്ളക്കുള്ളൻ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒരു താഴ്ന്ന പിണ്ഡമുള്ള നക്ഷത്രം അതിന്‍റെ എല്ലാ കേന്ദ്ര ആണവ ഇന്ധനവും തീർന്നുപോകുകയും അതിന്‍റെ പുറംപാളികൾ നഷ്‍ടപ്പെടുകയും ചെയ്യുമ്പോഴാണ് ഒരു വെളുത്ത കുള്ളൻ രൂപം കൊള്ളുന്നു. ഒരു വെള്ളക്കുള്ളൻ നക്ഷത്രം വളരെ സാന്ദ്രമായിരിക്കും. അതിന്‍റെ വലിപ്പം നമ്മുടെ ഭൂമിയുടേതിന് തുല്യമായിരിക്കും. പക്ഷേ അതിന്‍റെ പിണ്ഡം സൂര്യന്‍റെ പിണ്ഡത്തിന് തുല്യമാണ്.
വെളുത്ത കുള്ളന്മാർ കടന്നുപോകുന്ന സൂപ്പർനോവ സ്ഫോടനങ്ങളുടെ തരം ടൈപ്പ് Ia സൂപ്പർനോവകൾ എന്ന് വിളിക്കുന്നു. ഇത്തരം സൂപ്പർനോവകൾ ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം അവ കോസ്‍മിക് ദൂരം അളക്കാൻ ഉപയോഗിക്കാം. രണ്ടുതവണ പൊട്ടിത്തെറിച്ച വെള്ളക്കുള്ളന്‍റെ ചിത്രങ്ങൾ നക്ഷത്ര രഹസ്യങ്ങളുടെ മറഞ്ഞിരിക്കുന്ന ആഴങ്ങളിലേക്ക് വെളിച്ചം വീശും എന്നാണ് ശാസ്‍ത്രജ്ഞർ വിശ്വസിക്കുന്നത്.