
ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധ വീണ്ടും ശുക്രനിലേക്ക് തിരിയുന്ന സാഹചര്യത്തിൽ, റഷ്യ 2036-ൽ “വെനറ-ഡി” (Venera-D) എന്ന പുതിയ ദൗത്യം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ ഭാവി പദ്ധതികളിൽ ശുക്രനും ചന്ദ്രനും പ്രധാന സ്ഥാനമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ദൗത്യത്തിൽ ഒരു ലാൻഡർ, ഒരു ബലൂൺ പ്രോബ്, ഒരു ഓർബിറ്റർ എന്നിവ ഉൾപ്പെടും.
സ്പേസ് ഡോട്ട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം, ഓർബിറ്റർ ശുക്രനെ വലംവെച്ച് അതിന്‍റെ ഉപരിതലത്തെക്കുറിച്ച് പഠിക്കും. ബലൂൺ ശുക്രന്‍റെ കട്ടിയുള്ള മേഘങ്ങളിലൂടെ പൊങ്ങിക്കിടക്കും, അന്തരീക്ഷ ഡാറ്റ ശേഖരിക്കും, ലാൻഡർ വിശദമായ ഉപരിതല അന്വേഷണങ്ങൾ നടത്തും. ശുക്രന്‍റെ മേഘങ്ങളില്‍ സൂക്ഷ്‌മജീവികളുടെ സാന്നിധ്യം കണ്ടെത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
റഷ്യ ഈ പദ്ധതിയിൽ അന്താരാഷ്ട്ര സഹകരണത്തിനും പ്രാധാന്യം നൽകുന്നു. നാസയുടെ വെരിറ്റാസ് (VERITAS), ഡാവിൻസി (DAVINCI) ദൗത്യങ്ങളും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ എൻവിഷൻ പദ്ധതിയും അടുത്ത പത്ത് വർഷത്തിനുള്ളിൽ ശുക്രഗ്രഹ പഠനങ്ങൾക്ക് വലിയ ശാസ്ത്രീയ പിന്തുണ നൽകും.
ശുക്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങി പ്രവർത്തിച്ച ഏക രാജ്യം മുൻ സോവിയറ്റ് യൂണിയനാണ്. 1970-ലെ വെനറ 7 ദൗത്യത്തോടെ ആരംഭിച്ച ഈ നേട്ടം, അത്യന്തം ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് സാധ്യമായത്. ഏകദേശം 480 ഡിഗ്രി സെൽഷ്യസ് ചൂടും ഭൂമിയിലെ സമുദ്രനിരപ്പിലേതിനേക്കാൾ 90 മടങ്ങ് മർദ്ദവുമുള്ള അന്തരീക്ഷത്തിലാണ് അന്ന് ഈ സോവിയറ്റ് ലാൻഡറുകൾ പ്രവർത്തിച്ചത്.
“വെനറ-ഡി”യിലെ 'ഡി' എന്നത് “ദീർഘായുസ്” എന്നർഥം വരുന്ന റഷ്യൻ പദമായ ഡോൾഗോഷിവുഷായ (dolgozhivuschaya)യിൽ നിന്നാണ് ഉണ്ടായത്. മുൻ ദൗത്യങ്ങളിൽ ചില മണിക്കൂറുകൾ മാത്രം നിലനിന്ന ലാൻഡറുകളേക്കാൾ കൂടുതൽ സമയം ശുക്രന്‍റെ ഉപരിതലത്തിൽ പ്രവർത്തിക്കുക എന്നതാണ് ഈ പുതിയ ദൗത്യത്തിന്‍റെ ലക്ഷ്യം. ഇത് ഭാവിയിലെ ശുക്രാന്വേഷണങ്ങൾക്ക് പുതിയ വഴികൾ തുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.