
ഫ്ലോറിഡ: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‍നങ്ങൾക്ക് നിറം പകർന്ന് സ്‌പേസ് എക്‌സിന്‍റെയും നാസയുടെയും പങ്കാളിത്തത്തോടെ ആക്‌സിയം സ്‌പേസ് ഒരുക്കുന്ന ബഹിരാകാശ യാത്രയായ ആക്‌സിയം മിഷൻ 4 അവസാനഘട്ടത്തിലാണ്. ഇതിന്‍റെ ചെലവ് എത്രയായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? ഐഎസ്‌എസിലേക്ക് ബഹിരാകാശ യാത്രികനെ അയയ്ക്കാൻ ഇന്ത്യ 413 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്. ഈ വർഷം 135 കോടി രൂപ കൂടി ചെലവഴിക്കും എന്നും 2024 മാർച്ചിലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു.
പദ്ധതിയുടെ മൊത്തത്തിലുള്ള ചെലവ് തുടക്കത്തിൽ 715 കോടി രൂപയായിരുന്നു. എന്നാൽ 2024 ഡിസംബർ വരെയുള്ള യഥാർഥ ചെലവ് 413 കോടി രൂപയാണ്. കൂടാതെ ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു 135 കോടി രൂപയും പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട് എന്നാണ് രണ്ട് മാസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. വിക്ഷേപണം നടക്കുന്നതോടെ ചെലവഴിച്ച തുക 548 കോടി രൂപ അതായത് ഏകദേശം 64 മില്യൺ ഡോളർ വരുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ ഈ റിപ്പോർട്ട് അവകാശപ്പെടുന്നു. അതേസമയം ഇസ്രൊ, ആക്സിയം, നാസ എന്നിവ ഇതുവരെ ദൗത്യത്തിന്‍റെ ചെലവ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ ലഭ്യമായ കണക്കുകൾ DoS-ന്‍റെ വാർഷിക ബജറ്റ് അക്കൗണ്ടിംഗിലൂടെയാണ്. ഇസ്രൊ ഇതിനകം ചെലവഴിച്ച 413 കോടി രൂപയും വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ 135 കോടി രൂപയും ഉൾപ്പെടുന്ന 548 കോടി രൂപയ്ക്ക് പുറമേ, 2026 മാർച്ച് അവസാനത്തോടെ ഡിഒഎസിൽ ബാക്കി തുകയായി 168 കോടി രൂപ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആക്സിയം സ്പേസ് നടപ്പിലാക്കുന്ന ആക്സ്-4, ഐഎസ്എസിലേക്ക് ഇന്ത്യക്കാരനെ അയയ്ക്കാനുള്ള ഇസ്രൊ-നാസ സംയുക്ത ശ്രമത്തിന്‍റെ ഭാഗമാണ്. ഇതിനായി ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്‍ററും (എച്ച്എസ്എഫ്സി) നാസയും ഒരു സ്പേസ് ഫ്ലൈറ്റ് കരാറിൽ (എസ്എഫ്എ) ഏർപ്പെട്ടു. അതിന്‍റെ ഭാഗമായി നാസ ബഹിരാകാശ യാത്രാ സേവനദാതാവായ ആക്സിയം സ്പേസിനെ തിരഞ്ഞെടുത്തു.
1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐക്കോണിക് ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര. ശുഭാംശു ശുക്ലയെ കൂടാതെ, പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നുമുള്ള അംഗങ്ങൾ ആക്‌സിയം-4 ക്രൂവിൽ ഉൾപ്പെടുന്നു, ഇത് ചരിത്രത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഈ രാജ്യങ്ങളുടെ ആദ്യ ദൗത്യവും 40 വർഷത്തിനിടെ സർക്കാർ സ്പോൺസർ ചെയ്ത രണ്ടാമത്തെ മനുഷ്യ ബഹിരാകാശ യാത്രയുമാണ്.
2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനും 2047-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കാനും ലക്ഷ്യമിടുന്ന ഇന്ത്യയിൽ മൈക്രോഗ്രാവിറ്റി ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബഹിരാകാശ നിലയത്തിൽ ശുഭാംശു ശുക്ല ഏഴ് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും.