
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റും ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളുമായ ശുഭാംശു ശുക്ല, ആക്സിയം മിഷൻ 4-ലെ (Ax-4) ദൗത്യാംഗമാണ്. മനുഷ്യന്‍റെ ബഹിരാകാശ യാത്രയിലേക്കുള്ള നാല് പതിറ്റാണ്ടിന് ശേഷമുള്ള ഇന്ത്യയുടെ തിരിച്ചുവരവിനെ ഈ ദൗത്യം അടയാളപ്പെടുത്തുന്നു. ഒപ്പം അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിന്‍റെ വളരുന്ന സാന്നിധ്യം അടിവരയിടുന്നു.
എന്താണ് ആക്സിയം മിഷൻ 4?
സ്‌പേസ് എക്‌സിന്‍റെയും നാസയുടെയും പങ്കാളിത്തത്തോടെ ആക്‌സിയം സ്‌പേസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്ന ഒരു സ്വകാര്യ യാത്രയാണ് ആക്‌സിയം മിഷൻ 4. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്ആർഒ എന്നിവയുടെ അന്താരാഷ്ട്ര സഹകരണമായ ആക്‌സിയം മിഷൻ 4-ലെ ഇന്ത്യന്‍ സാന്നിധ്യമാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഈ ദൗത്യം 2025 ജൂണ്‍ 10-ന് ഇന്ത്യൻ സമയം വൈകീട്ട് 5:52ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A-യിൽ നിന്ന് കുതിച്ചുയരും. ഇത് ഏകദേശം രണ്ടാഴ്ച നീണ്ടുനിൽക്കും. കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), മിഷൻ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ക്രൂവിൽ ഉൾപ്പെടുന്ന മറ്റ് അംഗങ്ങള്‍.
ശുഭാംശു ശുക്ലയുടെ ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
1985 ഒക്ടോബർ 10ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജനിച്ച ശുഭാംശു ശുക്ല ലഖ്‌നൗവിലെ സിറ്റി മോണ്ടിസോറി സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1999-ലെ കാർഗിൽ യുദ്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ സേവിക്കാൻ അദേഹം ദൃഢനിശ്ചയം ചെയ്യുകയും യുപിഎസ്‌സി നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. 2005-ൽ കമ്പ്യൂട്ടർ സയൻസിൽ സയൻസ് ബിരുദം നേടി. പിന്നീട് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് ടെക്നോളജി ബിരുദം നേടി. സൈനിക, ശാസ്ത്ര വിഷയങ്ങളിൽ ശക്തമായ അക്കാദമിക് അടിത്തറയുണ്ട് അദേഹത്തിന്.
ഇന്ത്യൻ വ്യോമസേനയിലെ കരിയർ
2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയിൽ (IAF) ഫൈറ്റർ സ്ട്രീമിൽ ഫ്ലൈയിംഗ് ഓഫീസറായി ശുഭാംശു ശുക്ല കമ്മീഷൻ ചെയ്യപ്പെട്ടു. വർഷങ്ങളായി, Su-30 MKI, MiG-21, MiG-29, ജാഗ്വാർ, ഹോക്ക്, ഡോർണിയർ 228, An-32 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങളിൽ 2,000 മണിക്കൂറിലധികം പറക്കൽ സമയം അനുഭവപരിചയമുള്ള മികച്ച ടെസ്റ്റ് പൈലറ്റായി അദേഹം മാറി. ഒരു കോംബാറ്റ് ലീഡർ, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ, വ്യോമയാനത്തിലെ വൈദഗ്ധ്യം അദേഹത്തെ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിക്ക് അനുയോജ്യനാക്കി മാറ്റി.
ആക്സിയം മിഷൻ 4-ലേക്കുള്ള ശുഭാംശു ശുക്ലയുടെ തിരഞ്ഞെടുപ്പും പരിശീലനവും
2019-ൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിൻ (IAM) ശുഭാംശു ശുക്ലയെ ഐഎസ്ആർഒയുടെ ആദ്യത്തെ ബഹിരാകാശ യാത്രിക പരിശീലന ഗ്രൂപ്പിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്തു. കർശനമായ വിലയിരുത്തലുകൾക്ക് ശേഷം അവസാന നാല് ബഹിരാകാശ യാത്രികരിൽ ഒരാളായി അദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2020-ൽ അടിസ്ഥാന ബഹിരാകാശ പറക്കൽ പരിശീലനത്തിനായി അദേഹം റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തിലേക്ക് പോയി. 2021-ൽ ഈ പരിശീലനം പൂർത്തിയാക്കി. തുടർന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ബഹിരാകാശ യാത്രിക പരിശീലന കേന്ദ്രത്തിൽ കൂടുതൽ തയ്യാറെടുപ്പിനായി അദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. 2024 ഫെബ്രുവരി 27-ന് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശുഭാംശു ശുക്ലയെ ദൗത്യത്തിനായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ശുഭംശു ശുക്ലയുടെ സ്വകാര്യ ജീവിതം
ദന്തഡോക്ടറായ ഡോ കാംനയെയാണ് ശുഭാംശു ശുക്ല വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് നാല് വയസുള്ള ഒരു മകനുണ്ട്. ഒരു എളിയ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ശുഭാംശുവിന്‍റെ വരവ്. അച്ഛൻ ശംഭു ദയാൽ ശുക്ല ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. അമ്മ ആശ ശുക്ല ഒരു വീട്ടമ്മയാണ്. മൂന്ന് സഹോദരങ്ങളിൽ ഇളയവനാണ് അദേഹം. ഒരു രാജ്യത്തിന്‍റെ അഭിലാഷങ്ങൾ മുഴുവനും നെഞ്ചിലേറ്റിയാണ് ചരിത്രപ്രസിദ്ധമായ ആക്സിയം മിഷൻ 4-ൽ പ്രവേശിക്കാൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല തയ്യാറെടുക്കുന്നത്. അദേഹത്തിന്‍റെ ദൗത്യം ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ഒരു പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നു. ഒരു യുദ്ധവിമാന പൈലറ്റ് എന്ന നിലയിൽ ആകാശത്ത് നിന്നും വിശാലമായ ബഹിരാകാശത്തേക്കുള്ള ശുഭാംശു ശുക്ലയുടെ ശ്രദ്ധേയമായ യാത്ര സമർപ്പണത്തിന്‍റെയും അച്ചടക്കത്തിന്‍റേയും ശാസ്ത്രീയ അഭിലാഷങ്ങളുടെയും ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ഐഎസ്‌എസിലേക്കുള്ള തന്‍റെ ദൗത്യത്തിലൂടെ, ഭൂമിയുടെ അതിരുകൾക്കപ്പുറം സ്വപ്‍നം കാണാനും നക്ഷത്രങ്ങളെ ലക്ഷ്യമിടാനും ഇന്ത്യക്കാരുടെ ഒരു പുതിയ തലമുറയെ പ്രചോദിപ്പിക്കുകയാണ് ശുഭാംശു ശുക്ല.