ആവേശത്തോടെ രാജ്യം, ബഹിരാകാശം കീഴടക്കി ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയ്ക്ക് സാധ്യത

Published : Aug 16, 2025, 03:30 PM IST
Shubhanshu Shukla

Synopsis

ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ജന്‍മനാട്ടിലേക്ക് മടങ്ങിയെത്തുന്നു

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ദൗത്യം പൂർത്തിയാക്കിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല രാജ്യത്തേക്ക് മടങ്ങിയെത്തുന്നു. അമേരിക്കയിൽ നിന്ന് പുലർച്ചെ വിമാനം കയറിയ ശുഭാംശു വൈകാതെ ഇന്ത്യയിലെത്തും. കഴിഞ്ഞ ഒരു വർഷം ഒരു കുടുംബം പോലെ കഴിഞ്ഞ സംഘാംഗങ്ങളോട് വിടപറയുന്നതിൽ വിഷമമുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതെന്നും ശുഭാംശു ശുക്ല പറഞ്ഞു. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ ശുഭാംശുവും ഭാഗമാകും. അതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശുക്ല കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനും ടെസ്റ്റ് പൈലറ്റുമാണ് 39 വയസുകാരനായ ശുഭാംശു ശുക്ല.

ചരിത്രമെഴുതിയ ബഹിരാകാശ യാത്ര

ഇക്കഴിഞ്ഞ ജൂലൈ 15നാണ് ഐഎസ്എസ് ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല അടങ്ങുന്ന ആക്‌സിയം 4 സംഘം തിരികെ ഭൂമിയിലെത്തിയത്. ശുഭാംശുവിനൊപ്പം മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നീ മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു ആക്‌സിയം 4 ദൗത്യത്തില്‍. 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഗവേഷണത്തിനും പഠനത്തിനുമായി ശുഭാംശുവും സംഘവും ചിലവഴിച്ചു. ദൗത്യത്തിന് ശേഷം പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനായി ഹൂസ്റ്റണില്‍ നാസയുടെ ജോൺസൺ സ്‌പേസ് സെന്‍ററിലായിരുന്നു ശുഭാംശു ശുക്ലയുണ്ടായിരുന്നത്.

ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നീ നേട്ടങ്ങള്‍ ഈ യാത്രയില്‍ ശുഭാംശു ശുക്ല സ്വന്തമാക്കി. രാകേഷ് ശര്‍മ ബഹിരാകാശത്തെത്തിയതിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരിന്ത്യക്കാരന്‍ ഭൂമിയുടെ അതിര്‍ത്തികള്‍ ഭേദിച്ച് പറന്നത് എന്നതാണ് സവിശേഷത. 1984 ഏപ്രിൽ 2-ന് റഷ്യയുടെ സോയൂസ് ടി-11 വാഹനത്തിലായിരുന്നു രാകേഷ് ശര്‍മ ശൂന്യാകാശത്തെത്തിയത്. റഷ്യയുടെ സല്യൂട്ട് 7 എന്ന ബഹിരാകാശ നിലയത്തിലേക്കായിരുന്നു രാകേഷ് ശര്‍മ്മയുടെ യാത്ര.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ